വിഴിഞ്ഞം: വെങ്ങാനൂര്‍ മേക്കുംകര ശ്രീ നീലകേശി മുടിപ്പുര ദേവീ ക്ഷേത്ര പരിസരം ഉത്സവ നടത്തിപ്പിനോടുബന്ധിച്ച് നിരന്തരമായ സംഘര്‍ഷ മേഖലയായി മാറുന്ന സാഹചര്യത്തില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചു. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ വ്യാജ ട്രസ്റ്റ് ചമച്ചു എന്ന ആരോപണവുമായി ഒരു വിഭാഗം ഭക്തജനങ്ങള്‍ രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത് ട്രസ്റ്റ് ആയി പ്രവര്‍ത്തിച്ചു വന്ന ക്ഷേത്രത്തെ ചില വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തതായി ഇവര്‍ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ സമ്പത്ത് ഉള്ള ക്ഷേത്രത്തില്‍ പുതിയ രജിസ്‌ട്രേഷന്‍ സമയത്ത് അവയൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നും വര്‍ഷ ങ്ങളായി വരവ് ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കുകയോ ഓഡിറ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉത്സവ സമയം അടുത്തതിനാല്‍ ഭക്തജനങ്ങള്‍ ഒന്നിച്ചു കൂടി പുതിയ ഉത്സവ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ന് രാവിലെ 9ന് ഉത്സവ ആരംഭത്തിന്റെ നാന്ദി കുറിച്ചു കൊണ്ടുള്ള കാല്‍നാട്ട് കര്‍മ്മം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോട് കൂടിയാണ് കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
പ്രദേശിക കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലും ഉത്സവ നടത്തിപ്പിനായുള്ള കാര്യങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ ഇരു വിഭാഗവും വ്യത്യസ്മായ നോട്ടീസുകള്‍ അച്ചടിക്കുകയും ക്ഷേത്ര പിരിവ് ആരംഭിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ട് കൂട്ടരും ഉത്സവം മോടി കൂട്ടാനായിട്ടുള്ള പരിപാടികള്‍ ബുക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളും ഉണ്ടാകുന്നതും പതിവായിരുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടത്.
















