ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ പ്ലാസ്റ്റിക് മാലിന്യ ചട്ടം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചട്ടം പുതുക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുതിയ നിയമം രാജ്യവ്യാപകമായി നടപ്പാക്കും.
കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നിയമത്തില്‍ 50 മൈക്രോണിനു താഴെയുള്ള (തീരെ കനംകുറഞ്ഞ) പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനം രാജ്യമൊട്ടാകെ വിലക്കിയിട്ടുണ്ട്. നശിച്ചുപോകാത്ത ഇവയാണ് പരിസ്ഥിതിക്ക് വലിയനാശം ഉണ്ടാക്കുന്നതെന്നാണ് വിലയിരുത്തലെന്ന് കേന്ദ്ര പരിസ്ഥിതിവനം മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
പുതിയ നിയമത്തിലെ വ്യവസ്ഥകള്‍
1. പ്ലാസ്റ്റിക ബാഗ് നിര്‍മ്മാതാക്കള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്. ഉപയോഗ ശേഷം ഇവ നശിപ്പിക്കാന്‍ ഇവര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന ഈ തുക ഉപയോഗിക്കണം. അവര്‍ ഈ തുക മാലിന്യസംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണം.
2. ചട്ടം ഗ്രാമപ്രദേശങ്ങള്‍ക്കും ബാധകമാക്കി.
3. ചട്ടം കര്‍ശനമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
4. മാലിന്യസംസ്‌ക്കരണച്ചുമതലയും തദ്ദേശസ്ഥാപനങ്ങള്‍ക്ക്
5. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കണം. ഈ ഉത്തരവാദിത്തം വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും വ്യാപാരാസ്ഥാപനങ്ങള്‍ക്കും
6. വലിയ ഓഫീസുകളും വാണിജ്യവ്യവസായ സ്ഥാപനങ്ങളും മാലിന്യ സംസ്‌ക്കരണത്തിന് നിശ്ചിത തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.
7. സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, പൊതുപരിപാടികള്‍, വിവാഹം, മതസമ്മേളനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യം നീക്കേണ്ട ചുമതല സംഘാടകര്‍ക്ക്. ഇല്ലെങ്കില്‍ പിഴ
8. പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന്
9. കാരിബാഗ്, ഷീറ്റ്, കൂട് തുടങ്ങിയവ നിര്‍മ്മിക്കുന്നവരും ഇറക്കുമതി ചെയ്യുന്നവരും ഇവ മൂലമുണ്ടാകുന്ന മാലിന്യം മടക്കിയെടുക്കണം. ഇതിന് അവര്‍ തന്നെ സംവിധാനമൊരുക്കണം. സ്വന്തമായോ കൂട്ടായോ ഇതിനുള്ള സംവിധാനമൊരുക്കാം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടാം.
10. ഉപഭോക്താക്കള്‍ക്ക് കാരിബാഗില്‍ സാധനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികളും കച്ചവടക്കാരും തദ്ദേശ സ്ഥാപനങ്ങളില്‍ നിശ്ചിത ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്യണം.മാസം നാലായിരം രൂപ. ഇത് മാലിന്യ സംസ്‌ക്കരണത്തിന് ഉപയോഗിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യാപാരികളുടെ ശേഷി അനുസരിച്ച് കൂടുതല്‍ ഫീസ് ഇൗടാക്കാന്‍ അനുമതിയുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് കാരി ബാഗ് നല്‍കി പിടിക്കപ്പെട്ടാല്‍ പിഴയീടാക്കും.
രാജ്യത്ത് പ്രതിദിനമുണ്ടാകുന്നത് 15,000 ടണ്‍ പ്ലാസ്റ്റിക മാലിന്യമാണെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇതില്‍ 9000 ടണ്‍ ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ കഴിയുന്നുണ്ട്. 6000 ടണ്‍ ശേഖരിക്കാന്‍ പോലും കഴിയുന്നില്ല.
















