ന്യൂദല്‍ഹി: സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്നും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് മാനസിക ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ആര്‍എസ്എസ്. അസാന്മാര്‍ഗ്ഗികമാണ് ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ലൈംഗികതയെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു.
നേരത്തെ സ്വവര്‍ഗ്ഗരതിയെ പിന്തുണച്ച് ആര്‍എസ്എസ് രംഗത്ത് എന്ന മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സഹസര്‍കാര്യവാഹിന്റെ വിശദീകരണം.
ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് ദത്താത്രേയ ഹൊസബളെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആര്‍എസ്എസ് സ്വവര്‍ഗ്ഗ ലൈംഗികതയെ പിന്തുണച്ചു എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചു. തുടര്‍ന്നാണ് വിശദമായ പ്രസ്താവന ആര്‍എസ്എസ് സഹസര്‍കാര്യവാഹ് നടത്തിയത്.
സ്വവര്‍ഗ്ഗ ലൈംഗികത ശിക്ഷാര്‍ഹമായ കുറ്റകരമല്ലെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു. സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം വെച്ചുപുലര്‍ത്തുന്നവരെ ശിക്ഷിക്കുന്നതിന് പകരം ചികിത്സയ്‌ക്ക് വിധേയമാക്കുകയാണ് വേണ്ടത്. മാനസിക രോഗമായി കണക്കാക്കി വേണം ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വവര്‍ഗ്ഗ ലൈംഗിക വിഭാഗക്കാര്‍ തമ്മിലുള്ള വിവാഹം നിരോധിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഇത്തരക്കാരുടെ വിവാഹം നടത്തുന്നത് സ്വവര്‍ഗ്ഗ ലൈംഗികതയെ സ്ഥാപനവല്‍ക്കരിക്കുന്നതിനു വേണ്ടിയാണ്. ഇതംഗീകരിക്കാനാവില്ലെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു.
















