കണ്ണൂര്‍: കന്റോണ്‍മെന്റ് ഓഫീസിനും സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ചര്‍ച്ചിനും ഇടയിലൂടെ ജില്ലാ ആശുപത്രി ബസ്സ്റ്റാന്റ് ഉള്‍പ്പെടുന്ന സമീപ ടൗണിലേക്കു പോകുന്ന പൊതുവഴി കോമ്പൗണ്ട് വാള്‍ കെട്ടി തടസ്സപ്പെടുത്താനുള്ള കന്റോണ്‍മെന്റ് അധികൃതരുടെ നീക്കത്തിനെതിരെ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
കന്റോണ്‍മെന്റ് ഓഫീസിനും ചര്‍ച്ചിനുമിടയിലെ റോഡും വാഹന പാര്‍ക്കിങ്ങിനുള്ള പാര്‍ശ്വ സ്ഥലങ്ങളും വാട്ടര്‍ ടാങ്കും ഉള്‍പ്പെടുന്ന സ്ഥലത്ത് കോമ്പൗണ്ട് വാള്‍ കെട്ടി പാര്‍ക്ക് നിര്‍മ്മിക്കാനുള്ള വിചിത്രമായ പദ്ധതിയുടെ ഭാഗമായാണ് പൊതുവഴി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നത്. നേരത്തെ നിര്‍മ്മാണ പ്രവര്‍ത്തനം ജനങ്ങള്‍ തടഞ്ഞിരുന്നു.
കന്റോണ്‍മെന്റ് ബോര്‍ഡ് വിളിച്ചുകൂട്ടി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പുതിയ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പൗരസമിതി ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് അധികൃതര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ യോഗം 21ന് വൈകിട്ട് 3 മണിക്ക് കലക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ പൗരസമിതി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
















