മുംബൈ: ലോകകപ്പ് മുന്നോടിയായുള്ള അവസാന സന്നാഹ പോരാട്ടത്തിലും ദക്ഷിണാഫ്രിക്ക വിജയം നേടി. കഴിഞ്ഞ ദിവസം ടീം ഇന്ത്യയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെയാണ് പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു അവരുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടത്തി 190 റണ്‍സെടുത്തു. 40 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലെസിസും 23 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസവിജയം സമ്മാനിച്ചത്. ഹാഷിം ആംല 38 റണ്‍സുമെടുത്തു.
നേരത്തെ 61 റണ്‍സെടുത്ത അഖില്‍ ഹെര്‍വാഡ്കറുടെയും 19 പന്തില്‍ നിന്ന് പുറത്താകാതെ 34 റണ്‍സെടുത്ത ഡേവിഡ് വീസിന്റെയും 12 പന്തില്‍ നിന്ന് പുറത്താകാതെ 24 റണ്‍സെടുത്ത അര്‍മന്‍ ജാഫറിന്റെയും കരുത്തിലാണ് മുംബൈ ഇലവന്‍ 188 റണ്‍സ് അടിച്ചുകൂട്ടിയത്.
















