ലണ്ടന്‍: ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി ലീസസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലീസസ്റ്റര്‍ ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. കളിയുടെ 25-ാം മിനിറ്റില്‍ ജപ്പാനീസ് താരം ഷിന്‍ജി ഒക്കസാക്കിയാണ് തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ ലീസസ്റ്ററിന്റെ വിജയഗോള്‍ നേടിയത്.
സൂപ്പര്‍താരം ജാമി വാര്‍ഡിയുടെ പാസില്‍നിന്നുമാണ് ഒക്കസാക്കി വലകുലുക്കിയത്. അതേസമയം പുതിയ കോച്ചായി ചുമതലയേറ്റ റാഫേല്‍ ബെനിറ്റ്‌സിനും ന്യൂകാസിലിനെ തുടര്‍ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. 29 കളിയില്‍ നിന്ന് 24 പോയിന്റ് മാത്രമുള്ള ന്യൂകാസില്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലാണ്. നിലവിലെ പോയിന്റ് പട്ടികയില്‍ 19-ാം സ്ഥാനത്ത്.
ജയത്തോടെ രണ്ടാംസ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെക്കാള്‍ അഞ്ചു പോയിന്റിന്റെ ലീഡ് നേടാുനം ലീസസ്റ്ററിനായി. 30 കളികളില്‍ 63 പോയിന്റാണ് അവര്‍ക്കുള്ളത്. ടോട്ടനത്തിന് 58 പോയിന്റും.
















