ഇസ്‌ലാമാബാദ്: ഇന്ത്യയെ പുകഴ്‌ത്തി സംസാരിച്ചപാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്ക് പാക്കിസ്ഥാനില്‍ നിന്ന് വക്കീല്‍ നോട്ടീസ്. പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ലാഹോറിലെ ഒരു അഭിഭാഷകനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അഫ്രീദിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദും രംഗത്തെത്തി.
അഫ്രീദിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതെന്ന് മിയാന്‍ദാദ് പറഞ്ഞു. ഇത്തരം വാക്കുകള്‍ പറയുന്നതില്‍ കളിക്കാര്‍ക്ക് സ്വയം നാണക്കേടു തോന്നേണ്ടതാണ്. ഇന്ത്യയില്‍ പോയി നന്നായി കളിക്കുകയെന്നതാണ് അവരുടെ ജോലി. അല്ലാതെ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20 ലോകകപ്പിനായി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ ശേഷമാണ് അഫ്രീദിയും ടീമംഗം ഷൊയ്ബ് മാലിക്കും ഇന്ത്യയെയും ഇവിടെത്തെ ആരാധകരെയും പുകഴ്‌ത്തി സംസാരിച്ചത്. നാട്ടിലേക്കാള്‍ സ്‌നേഹം തങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്നതായും സുരക്ഷാ പ്രശ്‌നങ്ങളൊന്നും തങ്ങളെ അലട്ടുന്നില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
















