കൊല്‍ക്കത്ത: ജോഷ് ഹെയ്‌സല്‍വുഡിന്റെ ഹാട്രിക്ക് പ്രകടനത്തെ നായകന്‍ ഡാരന്‍ സമിയുടെ (50 നോട്ടൗട്ട്) പോരാട്ട വീര്യത്തില്‍ മറികടന്നപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ – 161/9 (20), വെസ്റ്റിന്‍ഡീസ് – 162/7 (19.5).
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഷെയ്ന്‍ വാട്‌സണിന്റെ അര്‍ധ ശതകത്തിന്റെ കരുത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി. 39 പന്തില്‍ നാലു വീതം ഫോറും സിക്‌സറും സഹിതം വാട്‌സണ്‍ 60 റണ്‍സെടുത്തു. നായകന്‍ സ്റ്റീവന്‍ സ്മിത്ത് (36), ആരോണ്‍ ഫിഞ്ച് (33) എന്നിവരും പിന്തുണ നല്‍കി. വിന്‍ഡീസിനായി ഡ്വെയ്ന്‍ ബ്രാവൊ നാലും സുലൈമാന്‍ ബെന്‍ മൂന്നും, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് രണ്ടും വിക്കറ്റെടുത്തു.
മൂന്നാം ഓവറില്‍ ജയ്‌സണ്‍ ഹോള്‍ഡര്‍, മര്‍ലോണ്‍ സാമുവല്‍സ്, ഡ്വെയ്ന്‍ ബ്രാവൊ എന്നിവരെ മടക്കിയാണ് ജോഷ് ഹെയ്‌സല്‍വുഡ് ഹാട്രിക് നേടിയത്. പതറിയെങ്കിലും സമിയുടെ നേതൃത്വത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ കരുത്തില്‍ വിന്‍ഡീസ് ജയം പിടിച്ചെടുത്തു. 28 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും സഹിതമാണ് സമി 50 റണ്‍സെടുത്തത്. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (33), ആന്ദ്രെ റസല്‍ (29), ആഷ്‌ലി നഴ്‌സ് (12 നോട്ടൗട്ട്) എന്നിവര്‍ നായകന് പിന്തുണ നല്‍കി. നാലോവറില്‍ 13 റണ്‍സ് വഴങ്ങിയാണ് ഹെയ്‌സല്‍വുഡ് മൂന്നു വിക്കറ്റെടുത്തത്. ആന്‍ഡ്രൂ ടൈക്കിന് രണ്ടു വിക്കറ്റ്.
















