ധര്‍മശാല: ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് ജയം. മഴമൂലം ആറോവറാക്കി ചുരുക്കിയ മത്സരത്തില്‍ 12 റണ്‍സിന് അയര്‍ലന്‍ഡിനെ കീഴടക്കി ആശ്വാസ ജയവുമായി മടങ്ങി നെതര്‍ലന്‍ഡ്‌സ്. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ് – 59/5 (6), അയര്‍ലന്‍ഡ് – 47/7 (6).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന നെതര്‍ലന്‍ഡ്‌സ് ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗിന്റെയും (27), പീറ്റര്‍ ബോറന്റെയും (14) കരുത്തിലാണ് 59 റണ്‍സടിച്ചത്. മൂന്നു വിക്കറ്റെടുത്ത ജോര്‍ജ് ഡോക്ക്‌റെല്‍ ഐറിഷ് ബൗളര്‍മാരില്‍ മികച്ചു നിന്നു. ഓപ്പണര്‍ പോള്‍ സ്റ്റെര്‍ലിങ്ങിനു (15) മാത്രമേ ഐറിഷ് നിരയില്‍ രണ്ടക്കം കാണാനായുള്ളു. നാലു വിക്കറ്റെടുത്ത പോള്‍ വാന്‍ മീകെരെന്‍ ഐറിഷ് ബാറ്റിങ്ങിന് കൂച്ചുവിലങ്ങിട്ടു. കളിയിലെ താരവും മീകെരെന്‍. റോള്‍ വാന്‍ ഡെര്‍ മെര്‍വിന് രണ്ടു വിക്കറ്റ്.
















