2015 ലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ അന്വേഷിച്ച ഒരു പേരുണ്ട്. ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം നേടിയ പി.വി. അഞ്ജലി. സഹോദരി വേഷങ്ങളിലും ഭാര്യാവേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെയായി അമ്പതോളം ചിത്രങ്ങളിലൂടെ അഞ്ജലി മലയാളിയുടെ മുന്നിലെത്തിയിരുന്നു. സ്വന്തം മകന്റെ ജീവിതം വാര്‍ത്തെടുക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മകന്റെ മാനസികവ്യാപാരങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരു അമ്മയുടെ ദൈന്യത അഭ്രപാളിയിലെത്തിച്ചപ്പോള്‍ അഞ്ജലിയെ തേടിയെത്തിയ അവാര്‍ഡിന് പത്തരമാറ്റിന്റെ തിളക്കമാണ്.
തൃപ്പുണിത്തുറ ചെറ്റിത്തറ വീട്ടില്‍ ഗിരിധരന്നായരുടെയും ഉഷയുടെയും മകളായ അഞ്ജലി തന്റെ അഞ്ചാമത്തെ വയസ്സിലാണ് സിനിമാ ലോകത്തേക്ക് പിച്ചവച്ചത്. ‘മാനത്തെ വെള്ളിത്തേര്’, ‘മംഗല്യസൂത്രം’, ‘ലാളനം’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അഞ്ജലി കെ.ജി. ജോര്‍ജ്ജിന്റെ ‘ബന്ധങ്ങള്‍ ബന്ധനങ്ങള്‍’ എന്ന സീരിയലിലും അഭിനയിച്ചു. എറണാകുളം തമ്മനം നളന്ദ പബ്ലിക് സ്കൂളിലായിരുന്നു പഠനം. സ്കൂള്‍ പഠനകാലത്ത് അഭിനയം നൃത്തത്തിന് വഴിമാറി. മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അഭ്യസിച്ച അഞ്ജലി സ്കൂള്‍ കലോത്സവവേദികളിലെ സാന്നിധ്യമായി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടം മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. നൃത്തം അഭിനയത്തിനു വഴിമാറുന്നത് അമ്മയുടെ ചേച്ചിയുടെ മകളും അഭിനേത്രിയുമായ നന്ദനയുടെയും അച്ഛന് കുമാറിന്റെയും പ്രേരണയിലാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അഞ്ജലി പരസ്യചിത്രങ്ങളിലെത്തുന്നത് അങ്ങനെയാണ്.
തൃപ്പുണിത്തുറ എന്‍എസ്എസ് കോളേജിലെ ഡിഗ്രി പഠനത്തിനിടെ 2008ല്‍ വീണ്ടും പരസ്യചിത്രരംഗത്ത് സജീവമായി. അറ്റ്ലസ്, ധനലക്ഷ്മി, ബേബിവിറ്റ തുടങ്ങി 100ലധികം പരസ്യചിത്രങ്ങള്‍. ചില വീഡിയോ ആല്‍ബങ്ങള്‍ ചെയ്തത് അഞ്ജലിക്ക് തമിഴ് സിനിമയിലേക്ക് വഴി തുറന്നു. ‘നെല്ല്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി. തുടക്കം മോശമായില്ല. ‘ഉന്നൈ കാതലിപ്പേന്‍’, ‘കോട്ടി’ എന്നീ രണ്ടുചിത്രങ്ങള്കൂടി. ഇതിനിടെയാണ് അഞ്ജലിയുടെ ജീവിതം വഴിമാറുന്നത്. അന്ന് പരസ്യചിത്രങ്ങളില്‍ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അനീഷ് ഉപാസനയുമായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. നിശ്ചയം കഴിഞ്ഞ് വിവാഹത്തിനു ഒരാഴ്ച മുമ്പ് വിശ്വന് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വിളി വന്നു. എന്തായാലും കല്യാണം കഴിക്കുന്നതിനുമുമ്പ് സീനിയേഴ്സിലെ ചാക്കോച്ചന്റെ അനിയത്തിയുടെ വേഷം ചെയ്തിട്ടുപോകൂ എന്നായിരുന്നു ആ കോള്‍. ‘സീനിയേഴ്സി’നുശേഷം ‘കിംഗ് ആന്‍ഡ് കമ്മീഷണര്‍’, ‘വെനീസിലെ വ്യാപാരി’ എന്നീ ചിത്രങ്ങളും തേടിയെത്തി.
വിവാഹം അഞ്ജലിയെ കുടുംബജീവിതത്തിലേക്കു നയിച്ചു. മകള്‍ ആവണി പിറന്ന ശേഷമായിരുന്നു അഞ്ജലിയുടെ മടങ്ങിവരവ്. ‘അഞ്ചുസുന്ദരികളി’ല്‍ തുടങ്ങി ‘മിലി’, ‘പട്ടംപോലെ’, ‘ലൈല ഒ ലൈല’, ‘ലൗവ് 24ഃ7’, ‘അച്ഛാദിന്‍’ എന്നിങ്ങനെ നാല്പതിലേറെ ചിത്രങ്ങള്‍, വ്യത്യസ്ത വേഷങ്ങള്‍.
പരസ്യമേഖലയിലെ പരിചയമാണ് ‘ബെന്‍’ സിനിമയുടെ സംവിധായകന് വിപിന്‍ ആറ്റ്ലി അഞ്ജലിയെ തേടിയെത്താന്‍ കാരണം. ഗൗരവ് മേനോന് അവതരിപ്പിച്ച ‘ബെന്‍’ എന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിക്കണമെന്നും പിറ്റേന്നു രാവിലെ സെറ്റിലെത്തണമെന്നും വിപിന്‍ അഞ്ജലിയോട് പറയുന്നത് ഒരുദിവസം രാത്രിയാണ്. മുന്‍വര്‍ഷം സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമായ ‘വൈറ്റ് ഹൗസി’ല്‍ ഗൗരവ് മേനോന്റെ അമ്മ വേഷം ചെയ്തത് അഞ്ജലിയാണ്. അതുകൊണ്ടുതന്നെ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് വലിയ ആശങ്ക തോന്നിയില്ല. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ കഥമാറി. ”മാനസിക സംഘര്‍ഷം അഭിനയിക്കുന്ന, തീരെ ചിരിക്കാന്‍ പാടില്ലാത്ത കഥാപാത്രമാണ് ആശ. സ്വന്തം സ്റ്റാറ്റസിനുവേണ്ടി മകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാത്ത അമ്മ, മകനെ സ്നേഹിക്കുകയും എന്നാല്‍ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അമ്മവേഷം സംവിധായകന് ഉദേശിക്കുന്നതുപോലെ അവതരിപ്പിക്കാനാവുമോയെന്ന് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ട ശേഷം ബന്ധുക്കള്‍ നിന്റെ അമ്മ വേഷം കണ്ടിട്ട് തല്ലാന്‍ തോന്നിയെന്നു പറഞ്ഞപ്പോഴാണ് ശരിക്കും സന്തോഷമായത്.”
അവാര്‍ഡ് തന്നെ ശരിക്കും ഞെട്ടിച്ചുവെന്ന് അഞ്ജലി പറയുന്നു ”കൊച്ചിയിലെ തിരക്കേറിയ റോഡില്‍ നില്ക്കുമ്പോള് ഒരു ചാനല്‍ സുഹൃത്താണ് അവാര്‍ഡ് വിവരം പറയുന്നത്. അവിടെനിന്ന് നേരെയെത്തിയത് അനീഷ് ഉപാസനയുടെ സെറ്റിലാണ്. കേക്ക് മുറിച്ച് ആഘോഷം. അഭിനന്ദനപ്രവാഹങ്ങള്‍. ഒരുപക്ഷേ ഇത്രയുംപേര്‍ തന്നെ അറിയുന്നുണ്ടെന്നു മനസ്സിലാക്കിയത് അഭിനന്ദനപ്രവാഹങ്ങളില്‍ നിന്നാണ്.”
അഭിനയ ജീവിതത്തിലെ തിരിക്കിനിടയിലും അഞ്ജലിക്ക്ഒരു നഷ്ടബോധമുണ്ട്. പത്തുവര്‍ഷമാകുന്നു ഏറെ സ്നേഹിച്ച നൃത്തവേദിയോട് വിട പറഞ്ഞിട്ട്. ഭര്‍ത്താവിന്റെ കൂടെ നാലുവയസുകാരി ആവണിയും സിനിമാരംഗത്തുണ്ടെന്ന സന്തോഷംകൂടിയുണ്ട് ഇപ്പോള്‍ അഞ്ജലിക്ക്. അനീഷ് ഉപാസനയുടെ ‘കിന്റര്‍ ആന്‍ഡ് ജോയി’യില്‍ അഭിനയിക്കുകയാണ് ആവണിയിപ്പോള്. കുഞ്ഞായിരുന്നപ്പോള്‍ ‘അഞ്ചുസുന്ദരികളി’ല്‍ അഞ്ജലിക്കൊപ്പം അഭിനയിച്ചിരുന്നു.
സിനിമാ കുടുംബം ആയതിന്റെ ടെന്‍ഷനൊന്നുമില്ല അഞ്ജലിക്ക്. മകള്‍ ജനിച്ചശേഷം എല്ലാ സെറ്റുകളിലും മകള്‍ ആവണിയും അമ്മ ഉഷയും ഒപ്പമുണ്ടാകും. ഭര്‍ത്താവ് സംവിധായകനായതിന്റെ ഗുണമുണ്ടെന്ന് അഞ്ജലി പറയുന്നു ”എന്റെ കടുത്ത വിമര്‍ശകനാണ് അനീഷ്. പരസ്പരം ഞങ്ങള്‍ സിനിമയെക്കുറിച്ചും കഥകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. പിഴവുകള്‍ തിരുത്തും”.
”അഭിനേത്രി എന്ന നിലയില്‍ ഇന്ന വേഷമേ ചെയ്യൂവെന്ന് ഒരു നിര്‍ബന്ധവുമില്ല. ഒരു സീന്‍ ആയാലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യും. വരാനിരിക്കുന്ന സിനിമകളില്‍ ഏറെയും വ്യത്യസ്ത വേഷങ്ങളാണ്. ”പുലി മുരുക”നില് ലാലേട്ടന്റെ ചെറുപ്പകാലത്തെ അമ്മ വേഷമാണ്. ദുല്‍ഖറിന്റെ ‘കലി’യില്‍ വീട്ടുടമസ്ഥയുടെ വേഷമാണ്. ബിജുമേനോന് നായകനാകുന്ന ‘ഓലപ്പീപ്പി’യില്‍ അനിയത്തി വേഷമാണ്. പ്രണവ് രതീഷ് നായകനാകുന്ന ‘തീര’ത്തിലും സുധീര്‍ കരമന മുഖ്യകഥാപാത്രമാകുന്ന ‘പള്ളിക്കൂട’ത്തിലും ഭാര്യാവേഷമാണ്. അനീഷ് ഉപാസന സംവിധാനംചെയ്യുന്ന ‘കിന്റര്‍ ആന്‍ഡ് ജോയി’യില്‍ നായികവേഷമാണ്. ദുല്‍ഖറിന്റെ ‘കുമ്മട്ടിപ്പാടത്തില്’ നായകന്റെ കുട്ടിക്കാലത്തെയും കൗമാരക്കാലത്തെയും ചെറുപ്പകാലത്തെയും അമ്മ വേഷം ചെയ്യുന്നു. ഇത് ശരിക്കുമൊരു ചലഞ്ചാണ്. അഞ്ജലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: