കണ്ണൂര്‍: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഗ്രാമീണ ബേങ്ക് ദ്വിദിന പണിമുടക്കം പൂര്‍ണമായി. മുഴുവന്‍ ബ്രാഞ്ചുകളും ഓഫീസുകളും രണ്ടാം ദിനവും അടഞ്ഞുകിടന്നു. കണ്ണൂര്‍ നഗരത്തില്‍ പ്രധാന ശാഖക്ക് മുന്നില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. സ്വകാര്യ മുതലാളിമാര്‍ക്ക് ഓഹരികള്‍ പതിച്ചുനല്‍കാനുള്ള നിയമ നിര്‍മ്മാണത്തിലൂടെ ഗ്രാമീണ്‍ ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക, പെന്‍ഷന്‍ അനുവദിക്കുക, തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങളാണ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമായി ഉന്നയിച്ചത്. പാവപ്പെട്ടവരുടെ അത്താണിയായ ഗ്രാമീണ ബാങ്കുകളെ അതിന്റെ പരിപാവനതയോടുകൂടി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണം എന്നും സ്വകാര്യവല്‍ക്കണം പാവപ്പെട്ടവന്റെ സമ്പത്ത് അപഹരിക്കാനും അനേകം വിജയ് മല്യമാരെ സൃഷ്‌ടിക്കാനും അവസരമായി മാറുമെന്നും നേതാക്കള്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു. വിവിധ സംഘടനകള്‍ക്ക് വേണ്ടി ബിഗേഷ് ഉണ്ണിയന്‍, കെ.സി.സുമേഷ്, പി.ഉപേന്ദ്രന്‍, മാധവന്‍ എന്നിവര്‍ സംസാരിച്ചു.
















