വിളപ്പില്‍: തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് സിപിഎം പാര്‍ട്ടി പരിപാടിക്ക് കൊണ്ടുപോയതായി ആക്ഷേപം. വനിതാദിന പരിപാടിയെന്ന വ്യാജേന സിപിഎം മഹിളാ വിഭാഗം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ആളുകൂട്ടാനാണത്രെ തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകളെ പങ്കെടുപ്പിച്ചത്.
കാട്ടാക്കട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സിപിഎം പ്രതിനിധികള്‍ വിജയിച്ച വാര്‍ഡുകളില്‍ നിന്ന് മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോയത്. കാട്ടാക്കടയിലെ സ്വകാര്യ ആഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈ കീട്ടു വരെയായിരുന്നു പരിപാടി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും തങ്ങള്‍ നാടു ഭരിച്ചാലെ തൊഴിലുറപ്പ് ജോലി നിലനില്‍ക്കു എന്നൊക്കെ സ്ത്രീകളെ ഉപദേശിച്ചായിരുന്നു പരിപാടി അവസാനിപ്പിച്ചത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വനിതാദിന പരിപാടിയെന്ന് തൊഴിലാളികളെ വിശ്വസിപ്പിച്ചായിരുന്നു സിപിഎം മെമ്പര്‍മാര്‍ ചെറുവാഹനങ്ങളില്‍ പരിപാടി സ്ഥലത്തേക്ക് ആളെത്തിച്ചത്.
വിവിധ രാഷ്‌ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സിപിഎം പ്രാദേശിക നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുപോയതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മിക്ക വാര്‍ഡുകളിലും ജോലിക്കെത്തി ഒപ്പിട്ടവരില്‍ നിന്ന് അഞ്ചു പേരെ വീതമാണ് കൊണ്ടുപോയതത്രെ. പരിപാടി സ്ഥലത്ത് എത്തിയപ്പോഴാണ് പലര്‍ക്കും പാര്‍ട്ടി പരിപാടിയെന്ന് ബോധ്യപ്പെട്ടത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് തിരിച്ചു പോകാനൊരുങ്ങിയവരെ നാളെ മുതല്‍ തൊഴിലുറപ്പ് ജോലിക്ക് കയറ്റില്ലെന്ന് മെമ്പര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
















