തൊടുപുഴ: പുറപ്പുഴ പോളിടെക്‌നിക്കിന് വേണ്ടി വസ്തു നല്‍കിയ കുടുംബം വസ്തുവിന്റെ നഷ്ട പരിഹാരം ലഭിക്കാതെ വിഷമിക്കുന്നു. നെടിയശാല കാക്കനാനിക്കല്‍ അച്ചാമ്മയും കുടുംബവുമാണ് സര്‍ക്കാരിന്റെ കാരുണ്യം കാത്ത് കഴിയുന്നത്. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: 2004ലാണ് അച്ചാമ്മയും കുടുംബവും പുറപ്പുഴ പഞ്ചായത്തില്‍ ഒന്നേകാല്‍ ഏക്കര്‍ വസ്തു വാങ്ങിക്കുന്നത്. ഈ വസ്തു പോളിടെക്‌നിക്കിന് വേണ്ടി ഏറ്റെടുത്ത വസ്തുവാണെന്ന് അറിയാതെയാണ് വാങ്ങിയത്. ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തിയായിരുന്നു വസ്തു വാങ്ങിയത്. നിസ്സാര തുക നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇവരുടെ വസ്തു സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
ഒരു സെന്റ് വസ്തുവിന് 3000 രൂപയില്‍ താഴെ മാത്രമാണ് വില ഇട്ടത്. പ്രദേശത്ത് ഒരു സെന്റ് വസ്തുവിന് ഒരു ലക്ഷം രൂപ ലഭിക്കുന്ന സാഹചര്യത്തിലാണ് നിസ്സാരവിലയ്‌ക്ക് വസ്തു സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതോടെ കളക്ടര്‍ക്ക് അച്ചാമ്മ പരാതി നല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കാതെ വന്നതോടെ തൊടുപുഴ സബ് കോടതിയില്‍ ഹര്‍ജി നല്‍കി. 2014ല്‍ അച്ചാമ്മയ്‌ക്ക് ഒരു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വസ്തു സര്‍ക്കാരിന് വിട്ട് നല്‍കിയതോടെ അച്ചാമ്മയും കുടുംബവും വാടകയ്‌ക്കാണ് താമസിക്കുന്നത്. രോഗിയായ ഭര്‍ത്താവിനും അച്ചാമ്മയ്‌ക്കും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. കോടതി വിധി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ സ്വന്തമായി വീട് വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
















