ആലുവ: ശ്രീനാരായണ ഗുരു എന്നത് ലോകത്ത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രവാചക ജന്മമാണെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു. ആലുവ അൈദ്വതാശ്രമത്തില്‍ സംഘടിപ്പിച്ച 93 ാമത് സര്‍വ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്. ഏതെങ്കിലുമൊരു മതത്തിന്റെയല്ല, മനുഷ്യജാതിയുടെ നന്മക്കായാണ് ശ്രീനാരായണ ഗുരു ജനിച്ചതും പ്രവര്‍ത്തിച്ചതുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഇരുള്‍ മാറ്റി പൊരുള്‍ കാട്ടിതരുന്ന തത്വമെന്താണോ അതാണ് ഗുരുവെന്നും അതിനാലാണ് ശ്രീനാരായണ ഗുരുവിനെ ഗുരുവെന്ന് വിളിക്കുന്നതെന്നും യോഗത്തില്‍ പ്രസംഗിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കൊച്ചി ഭദ്രസാനാധിപന്‍ ഡോ. യോക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്‍ അറിയാനും അറിയിക്കാനുമാണ് ചര്‍ച്ചകള്‍ നടത്തിയതെങ്കില്‍ ഇന്ന് ജയിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പറഞ്ഞു. മതത്തിന്റെ ചിഹ്നം ഉപയോഗിക്കുകയും എന്നാല്‍ ആത്മാവില്‍ അതില്ലാത്തവരുമാണ് മതനിഷേധികളെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ദ്ദയേക്കാള്‍ രാജ്യം നേരിടുന്ന ഭീഷണി രാജ്യദ്രോഹമാണെന്ന് യോഗത്തില്‍ സംസാരിച്ച വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. സഹിഷ്ണത കൊണ്ടുമാത്രമാണ് രാജ്യം നിലനില്‍ക്കുന്നത്. അസഹിഷ്ണത ഏറ്റവും അധികം മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമി സൂക്ഷ്മാനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭാദ്ധ്യക്ഷ ലിസി എബ്രഹാം എന്നിവര്‍ സംസാരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും അസ്പര്‍ശാനന്ദ സ്വാമി നന്ദിയും പറഞ്ഞു.
















