ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ സാക്ഷികളായ 24 പേര്‍ പാക്കിസ്ഥാനിലെ വിചാരണ കോടതിയില്‍ മൊഴിനല്‍കാനെത്തണമെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിനോട് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. പാക് ഭീകരവാദവിരുദ്ധ കോടതിയുടെ മുന്നിലാണ് സാക്ഷികള്‍ ഹാജരാകേണ്ടത്.
24 ഭാരതീയരായ സാക്ഷികള്‍ വിചാരണ കോടതിയില്‍ മൊഴിരേഖപ്പെടുത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസര്‍ പറഞ്ഞു. പാക്കിസ്ഥാനികളായ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഭാരതത്തിലെ സാക്ഷികള്‍കൂടി മൊഴി നല്‍കിയാല്‍ മാത്രമേ കേസ് മുന്നോട്ടുപോകൂ എന്നും അസര്‍ പറഞ്ഞു. സാക്ഷികള്‍ ഹാജരാകണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷിച്ച എട്ടംഗ പാക് ജൂഡീഷ്യല്‍ കമ്മീഷന്‍ ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
















