ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ അന്നത്തെ കേന്ദ്രഅഭ്യന്തര മന്ത്രി പി.ചിദംബരം നേരിട്ട് ഇടപെടുകയായിരുന്നുവെന്ന് മുന്‍ആഭ്യന്തര സെക്രട്ടറി ജികെ പിള്ള.
ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഇസ്രത്തിനെക്കുറിച്ചുള്ള പരാമര്‍ശവും സത്യവാങ്മൂലവും എന്‍ഐഎ നേരിട്ട് ആഭ്യന്തര മന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു. തന്നെ ഒന്നും അറിയിച്ചിരുന്നില്ല, അദ്ദേഹം പറഞ്ഞു.
അന്ന് രജിസ്റ്റര്‍ചെയ്ത മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയെ(ഹെഡ്‌ലി)ക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രദ്ധിക്കാതിരുന്നത് അബദ്ധമായിപ്പോയി. അന്നത്തെ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഇതുസംബന്ധിച്ചുള്ള ഫയലുകള്‍ ശ്രദ്ധയില്‍ പെടാതിരുന്നത്.
മന്ത്രിയോടുള്ള വിശ്വാസംമൂലം ഇത് ഗൗരവമായി എടുത്തിരുന്നില്ല. രണ്ടാമത്തെ സത്യവാങ്മൂലവും നേരിട്ട് ചിദംബരത്തിനു നല്‍കുകയായിരുന്നു. താന്‍ അവ കണ്ടിരുന്നെങ്കില്‍ വിവാദമായേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് മാറ്റംവരുത്തുകയായിരുന്നു.
ഇസ്രത്ത് ജഹാനെക്കുറിച്ചും അവരുടെ സഹായികളെക്കുറിച്ചും പ്രതിപാദിച്ചിട്ടുള്ളത് എന്‍ഐഎ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്. ഇതില്‍ ഇവര്‍ക്ക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത്തേതില്‍ ഈ പരാമര്‍ശങ്ങള്‍ ഇല്ല, അദ്ദേഹം പറഞ്ഞു.
















