കടുത്തുരുത്തി: കല്ലറ 33 കെവി സബ്‌സ്‌റ്റേഷനും വാലാച്ചിറയിലെ 33 കെവി സബ്‌സ്‌റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ട് വലിക്കുന്ന 33 കെവി ലൈനിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ചു. അശാസ്ത്രീയമായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുമാണ് 33കെവി ലൈന്‍ വലിക്കുന്നതെന്നാണ് നാാട്ടുകാരുടെ പരാതി. ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നില്‍ക്കുന്ന നിരവധി റബ്ബര്‍ മരങ്ങള്‍ ഉള്‍പ്പെടെ വെട്ടിനീക്കേണ്ടി വരുന്നതാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണം. സാധാരണ ലൈനാണ് ഇതിലൂടെ വലിക്കുന്നതെന്ന് തെറ്റിധരിപ്പിക്കുകയും യാതൊരു നഷ്ടങ്ങള്‍ പരിസരവാസികള്‍ക്ക് ഉണ്ടാകില്ലെന്നും വാക്ക് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങിയത്. വലിയ കേഡര്‍ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തൊളിലാളികളെത്തിയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. സമീപത്തുള്ള മരങ്ങളില്‍ നമ്പരും ഇട്ടിട്ടുണ്ട്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാട്ടുകാാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വാലാച്ചിറ സബ് സ്റ്റേഷന്റെ സമീപത്ത് പോസ്റ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തുള്ള പാടത്തിലൂടെ ലൈന്‍വലിച്ചാല്‍ 800 മീറ്ററോളം ദൂരത്തില്‍ പത്തോളം പോസ്റ്റുകള്‍ മാത്രം സ്ഥാപിച്ചാല്‍ ആയാംകുടി കപ്പോള ഭാഗത്ത് എത്തും. ഇതിന് പകരം മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ 40ല്‍ അധികം പോസ്റ്റുകളും വൈദ്യുതി ലൈനുകളും സ്ഥാപിച്ചു കോടിക്കണക്കിന് രൂപാ ചിലവിട്ടാണ് പണിനടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
















