പാണ്ടിക്കാട്: സിഗ്നല്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് ലോറിയും കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടത്തിത്തിന് ലോറിയുടെ അമിത വേഗതയെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പി.സനല്‍കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അബ്ദുല്‍ കരീം ചാലില്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. പാണ്ടിക്കാട് സിഗ്നല്‍ ലൈറ്റ് ജങ്ഷനില്‍ അമിത വേഗതയില്‍ കോഴിയുമായി മേലാറ്റൂര്‍ ഭാഗത്ത് നിന്നും വന്ന ലോറി പാലായില്‍ നിന്നും ബാംഗ്ലൂരിലേക്ക് പേകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിന്റെ വലത് വശത്ത് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ അടക്കം ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ മരണപ്പെട്ടു. ബസിലെ ഒന്‍പതോളം പേര്‍ക്ക് പരുക്കേറ്റു.
ലോറിയുടെ ലഭ്യമായ രേഖകള്‍ സാധുതയുള്ളതാണെന്നും ലോറി ഡ്രൈവറുടെ ലൈസന്‍സ് രേഖകള്‍ ലഭ്യമായിട്ടില്ലെന്നും ആര്‍ടിഒ അറിയിച്ചു. അമിത വേഗതയില്‍ കോഴിയുമായി വന്ന ലോറി അശ്രദ്ധമായി ജംഗ്ഷന്‍ മുറിച്ച് കടന്നതാണ് അപകടത്തിനിടയാക്കിയത്.
ലോറി ബ്രേക്ക് ചെയ്ത ടയര്‍മാര്‍ക്കും റോഡിലില്ല. രണ്ട് വാഹനങ്ങള്‍ക്കും മെക്കാനിക്കല്‍ തകരാറുകളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
നാല് റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷനില്‍ വാഹനം നിര്‍ത്തി മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പാക്കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു.
















