ന്യൂദല്‍ഹി: കര്‍ഷകര്‍ക്കും കൃഷിക്കും മുന്‍തൂക്കം നല്‍കുന്ന കേന്ദ്ര ബജറ്റ് കോണ്‍ഗ്രസിന്റെ കഥ പാടെ കഴിക്കുമെന്ന് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍. ആകെത്തകര്‍ന്ന കോണ്‍ഗ്രസ് ചില ഗ്രാമീണ മേഖലകളിലാണ് അല്പ്പമെങ്കിലും അവശേഷിക്കുന്നത്. ഈ ബജറ്റോടെ അതും കോണ്‍ഗ്രസിന് ഇല്ലാതാകും. ഒരു ഓണ്‍ലൈന്‍ മാധ്യമം എഴുതി.
ബജറ്റില്‍ കൃഷിക്കും ഗ്രാമീണ മേഖലയ്‌ക്കും നല്‍കുന്ന മുന്‍തൂക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണ മേഖലയിലേക്ക് ഇറങ്ങിച്ചെന്നുവെന്നാണ് വെളിവാക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് താഴെത്തട്ടില്‍ വരെ ഇറങ്ങിച്ചെന്ന അനുഭവസമ്പത്തുള്ളയാളാണ് മോദി. ആ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ അവസ്ഥ മറ്റു പലരേക്കാളും നന്നായി അറിയാം. ഓണ്‍ ലൈന്‍ മാധ്യമം കുറിച്ചു.
ഓഹരി വിപണിയിലെ താത്ക്കാലികമായ ചില തിരിച്ചടികള്‍ അവഗണിച്ചാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ഗ്രാമീണ മേഖലയ്‌ക്ക് മുന്‍തൂക്കം നല്‍കിയത്. മികച്ച തന്ത്രമാണ് ഇതിലൂടെ ആവിഷ്‌ക്കരിച്ചതും. സൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന പ്രചാരണമാണ് പൊളിഞ്ഞുവീണതും. കോര്‍പ്പറേറ്റ് പ്രീണനമെന്ന ആരോപണവും തകര്‍ന്നു. എന്നാല്‍ ജനകീയമാകാന്‍ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയുമില്ല.
അടിസ്ഥാന സൗകര്യ വികസനം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കല്‍ എന്നിവ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളുമാണ്.രാഷ്‌ട്രീയവും സാമ്പത്തിക ശാസ്ത്രവും ഒന്നിച്ച് സമന്വയിച്ച ബജറ്റായിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നഗരവാസികളുടെ പാര്‍ട്ടിയാണെന്ന ആരോപണവും പുതിയ ബജറ്റോടെ തകര്‍ന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു.
















