വണ്ടിപ്പെരിയാര്‍: കുമളി യില്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേര് പിടിയിലായി. അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആദ്യ കേസില്‍ ഇന്നലെ ഉച്ചയോടെയാണ് കുമളി ബസ്സ്റ്റാന്റില് നിന്നും പ്രതി പിടിയിലാകുന്നത്. കമ്പം സ്വദേശി ഭാസ്കരനാ(50)ണ് രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് മൊത്ത വ്യാപാരിയായ ഇയാള്‍ കഞ്ചാവ് കൈമാറുവാനായി കാത്ത് നില്‍ക്കുമ്പോഴാണ് പിടിയിലാകുന്നത്. കേരളത്തില്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ പ്രമുഖ കഞ്ചാവ് മൊത്ത കച്ചവടക്കാരനാണ്. രണ്ടാമത്തെ കേസില്‍ ഗൂഡല്ലൂരില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി വന്ന കാഞ്ഞിരപ്പളളി സ്വദേശി ജാസിനെ(19) ചെക്ക്പോസ്റ്റിന് മുന്‍വശത്തു നിന്നുമാണ് പിടികൂടിയത്. പരിശോധനയ്ക്കിടെ രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് എക്സൈസ് സംഘം പിടികൂടിയത്. കോട്ടയം ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ട് പോവുകയാണെന്ന് കഞ്ചാവെന്ന ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ കേസില്‍ വൈകുന്നേരത്തോടെ ഷൂസിനുള്ളില്‍ അരക്കിലോ കഞ്ചാവ് ഒളിപ്പിച്ച് വച്ച് കടത്തിക്കൊണ്ട് വന്ന കോട്ടയം കല്ലറ സ്വദേശി സനല്‍(20) ആണ് ചെക്ക്പോസ്റ്റ് പരിസരത്ത് വച്ച് പിടിയിലായത്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍രാജ് സി കെ, റ്റി ആര് സെല്വരാജന്, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, സതീഷ്കുമാര്‍ ഡി, രവി വി, അനീഷ് ടി എ, ഷൈന്‍, അരവിന്ദ് വിഷ്ണു, ബാബു എം കെ, ഷനേജ്, എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാന്റ് ചെയ്തു. അടുത്തക്കാലത്തായി ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് കടത്ത കേസാണിത്. വണ്ടിപ്പെരിയാറില്‍ എക്സൈസ് സംഘം പരിശോദന കര്‍ശനമാക്കിയതോടെ ഇതു വഴിയുള്ള കഞ്ചാവിന്റെ ഒഴുക്ക് കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: