കൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറിനേടിയ ബ്രണ്ടന്‍ മക്കല്ലത്തിന് വിടവാങ്ങല്‍ ടെസ്റ്റില്‍ പരാജയം. ഏഴുവിക്കറ്റിനാണ് മക്കല്ലത്തിന്റെ ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റില്‍ പരാജയമേറ്റുവാങ്ങിയത്. ജയത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ഇന്ത്യയെ പിന്തള്ളിയാണ് ഓസീസ് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്നിംഗ്‌സിനും 52 റണ്‍സിനും കിവീസിനെ പരാജയപ്പെടുത്തിയിരുന്നു. നായകന്‍ സ്മിത്തിനു കീഴില്‍ ഓസ്‌ട്രേലിയയുടെ ഏഴാം ടെസ്റ്റ് വിജയമാണിത്. 11 ടെസ്റ്റുകളില്‍നിന്നാണ് സ്മിത്തിന്റെ നേട്ടം. ഒരെണ്ണം പോലും സ്മിത്തിന് കീഴില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടില്ല. നാലെണ്ണം സമനിലയിലായി. അതേസമയം മക്കല്ലത്തിന് കീഴില്‍ നാട്ടില്‍ ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരങ്ങള്‍ തോല്‍ക്കുന്നത് നടാടെയാണ്. ആദ്യ ഇന്നിങ്‌സില്‍ 54 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലം രണ്ടാം രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സിന് പുറത്തായി. മത്സരത്തിലാകെ 170 റണ്‍സ് നേടിയ മക്കല്ലം വിരമിക്കല്‍ ടെസ്റ്റില്‍ ഒരു നായകന്‍ നേടുന്ന കൂടിയ റണ്‍സെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
സ്‌കോര്‍: ന്യൂസീലാന്‍ഡ് 370, 335. ഓസ്‌ട്രേലിയ 505, മൂന്നിന് 201.
അവസാനദിനമായ ഇന്നലെ ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ 131 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി അവര്‍ ലക്ഷ്യം കാണുകയായിരുന്നു. ഒന്നിന് 70 റണ്‍സ് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കംഗാരുക്കള്‍ക്ക് സ്‌കോര്‍ 113-ല്‍ എത്തിയപ്പോള്‍ 45 റണ്‍സെടുത്ത ഉസ്മാന്‍ കവാജയെ നഷ്ടമായി. തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറികളോടെ മുന്നില്‍നിന്നു നയിച്ച ജോ ബേണ്‍സും (65), സ്റ്റീവന്‍ സ്മിത്തും (53*) ചേര്‍ന്നതോടെ ഓസ്‌ട്രേലിയ വിജയത്തിലേക്ക് നീങ്ങി. എന്നാല്‍ സ്‌കോര്‍ 179-ല്‍ എത്തിയപ്പോള്‍ ജോ ബേണ്‍സിന്റെ വിക്കറ്റും ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ടു. പിന്നീട് ആഡം വോഗ്‌സിനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സ്മിത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
















