മൂവാറ്റുപുഴ: നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന പരാതിയില്‍ 25ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിപറയും. കയ്യേറ്റത്തിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി തുടങ്ങിയതോടെ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. കൊച്ചുകടവന്ത്ര ഭാഗത്ത് സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും വീടും ജയസൂര്യ നിര്‍മിച്ചിരുന്നു. ഇത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണനിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിക്കപ്പെട്ടുവെന്നും പരാതി ഉയര്‍ന്നു. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറ്റം നടന്നതായി നഗരസഭയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് 14 ദിവസത്തിനകം സ്വന്തം ചെലവില്‍ നിര്‍മ്മാണം പൊളിച്ച് മാറ്റണമെന്ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേസ് വിജിലന്‍സ് കോടതിയില്‍ എത്തിയത്.
















