മാനന്തവാടി : മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് കക്കൂസ് മാലിന്യങ്ങളടക്കം നിറഞ്ഞ് ദുര്‍ഗന്ധംവമിക്കുന്ന ഓവുചാലുകള്‍ നഗരസഭ ശുചീകരിച്ചുതുടങ്ങി. ഈ ആവശ്യമുന്നയിച്ച് ഏതാനുംദിവസംമുമ്പ് ബിജെപിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാലിന്യവുമായി മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഓഫീസിലേക്ക് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സമരത്തിന് നേതൃത്വംകൊടുത്ത ബിജെപി നേതാക്കളെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം കേസെടുത്ത് ജയിലിലടച്ചെങ്കിലും പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.
മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്തെ ചീഞ്ഞുനാറുന്ന ഓവുചാലുകള്‍ വൃത്തിയാക്കണമെന്ന ആവശ്യമുന്നയിച്ച് നഗരസഭാ ഓഫീസിനുമുന്നില്‍ കഴിഞ്ഞ മാസം ബിജെപി നടത്തിയ ധര്ണാസമരത്തെ തുടര്‍ന്ന് രണ്ടാഴ്ചക്കകം മാലിന്യം നീക്കംചെയ്യാമെന്ന നഗരസഭാ ചെയര്‍മാന്റെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു മാലിന്യവുമായി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിലേക്ക് വീണ്ടും മാര്‍ച്ച് സംഘടിപ്പിച്ചത്. സമരത്തിനിടെ വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പുരുഷപോലീസിന്റെ നടപടിയെ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തത് നേരിയസംഘര്ഷത്തിനിടയാക്കുകയായിരുന്നു. സമരത്തിനിടെ രണ്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു എഎസ്ഐക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വനിതാ പോലിസിന്റെ അസാന്നിധ്യത്തില്‍ പുരുഷപോലീസുകാര്‍ തങ്ങളെ കയ്യേറ്റം ചെയ്തതായി കാണിച്ച് ഇവര്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ബൈക്കപകടത്തില്‍ കൈക്ക് പരിക്കേറ്റ എഎസ്ഐയെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം നഗരമാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തിലുളള അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ സജിശങ്കര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: