കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനും സര്‍വീസ് സമയം പുന:ക്രമീകരിക്കാനും പുതിയ നിയന്ത്രണ സമിതി വരുന്നു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സ്ഥിരം നിയന്ത്രണ സമിതിക്ക് രണ്ടാഴ്ചയ്‌ക്കുള്ളില്‍ രൂപം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിത വേഗം അപകടങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്താണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവു നല്‍കിയത്. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നേരത്തെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജിനും എറണാകുളം റേഞ്ച് ഐ.ജിയ്‌ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരുവരും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ണ്ണായകമായ നിര്‍ദ്ദേശമായിരുന്നു കളക്ടര്‍ അധ്യക്ഷനായ സ്ഥിരം നിയന്ത്രണ സമിതി.
കളക്ടര്‍ക്കു പുറമേ മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, കൊച്ചി കോര്‍പ്പറേഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സമിതിക്ക് രൂപം നല്‍കേണ്ടത്. ബസുകളുടെ മത്സരയോട്ടം തടയുന്ന തരത്തില്‍ സമയം പുന:ക്രമീകരിക്കുക, നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രൂപം നല്‍കുക തുടങ്ങിയവയാണ് സ്ഥിരം നിയന്ത്രണ സമിതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
















