കോഴിക്കോട്: നാഗ്ജി ഫുട്‌ബോളിന്റെ അടുത്ത സീസണ്‍ വരുന്ന ഡിസംബര്‍ അവസാനവാരത്തിലോ ജനുവരി ആദ്യമോ നടത്തുമെന്ന് കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിദ്ദിഖ് അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് ടീമുകളെയും ഗള്‍ഫ് നാടുകളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഓരോ ടീമിനെയും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു ടീമുകളെയുമാകും ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുക. നാഗ്ജിയുടെ പുനര്‍ജ്ജനിക്കായുള്ള ശ്രമങ്ങള്‍ക്ക് തുടക്കം മുതല്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ടൂര്‍ണമെന്റ് നല്ലരീതിയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റിന് മുന്നോടിയായി റൊണാള്‍ഡീഞ്ഞോയെ എത്തിക്കാനുള്ള ചുമതല നല്‍കിയ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ നടപടികളും തുടര്‍ന്ന് ചില സ്‌പോണ്‍സര്‍മാരുടെ നിര്‍ണ്ണായക ഘട്ടങ്ങളിലുള്ള പിന്‍വാങ്ങലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. റൊണാള്‍ഡീഞ്ഞോയെ കൊണ്ടുവരേണ്ടിയിരുന്നത് ഉദ്ഘാടനദിനത്തിലായിരുന്നു.
നടത്തിപ്പിലെ പരിചയക്കുറവ് കൊണ്ടും മറ്റും പ്രതീക്ഷിച്ചതിലും ഇരട്ടിതുകയാണ് ടൂര്‍ണമെന്റിനായി ചെലവായത്. പത്തുമുതല്‍ പതിനഞ്ച് കോടിയോളം രൂപവരെ ചെലവ് വരും. ടൂര്‍ണമെന്റില്‍ ഏഴര കോടി രൂപയെങ്കിലും ടിക്കറ്റ് വില്പനയിനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 75 ലക്ഷം പോലും ആയിനത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. സീസണ്‍ ടിക്കറ്റുകളും വിറ്റഴിക്കാന്‍ സാധിച്ചില്ല. സപ്തംബര്‍ മുതല്‍ മെയ് മാസം വരെ നീളുന്ന ഐ ലീഗ് കാരണം ഇന്ത്യയില്‍ നിന്ന് ഒരു മുന്‍നിര ടീമിനെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ആഭ്യന്തര ടീമുകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നെങ്കിലും ദേശീയ സ്‌കൂള്‍ മീറ്റ് കോഴിക്കോട്ടേക്ക് മാറ്റിയത് കാരണം ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ച തീയ്യതിയില്‍ നിന്നും നീട്ടേണ്ടിവന്നത് തിരിച്ചടിയായി.
ഇന്ത്യയില്‍ നിന്നുള്ള ടീമിന്റെ അഭാവം, താരതമ്യേന ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, അനവസരത്തില്‍ റൊണാള്‍ഡീഞ്ഞോയെ കൊണ്ടുവന്നതുവഴി സംഭവിച്ച സാമ്പത്തികബാധ്യത, സ്‌പോണ്‍സര്‍മാരുടെ പിന്‍മാറ്റം എന്നിവയും, ആഭ്യന്തര സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണിലും, പരീക്ഷാകാലത്തോടനുബന്ധിച്ച് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതും സാമ്പത്തിക ബാധ്യതയ്‌ക്ക് വഴിയൊരുക്കി. 1,20,000 ഡോളര്‍ വരെ മുടക്കി കൊണ്ടുവന്ന അര്‍ജ്ജന്റീന അണ്ടര്‍ 23 ടീമുള്‍പ്പെടെയുള്ളവയുടെ മോശം പ്രകടനം ക്ലബ്ബുകളുടെ നിലവാരം സംബന്ധിച്ച് കാണികളിലും സംശയമുളവാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, മോണ്ട്യാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍, എന്‍.സി. അബൂബക്കര്‍, ടി.പി. ദാസന്‍, കെഡിഎഫ്എ സെക്രട്ടറി ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















