കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്തിന് തുടക്കമായി. കൈകാര്യച്ചെലവിനുള്ള സര്‍ക്കാര്‍ സഹായം വര്ദ്ധിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു.
നീലംപേരൂര്‍ പഞ്ചായത്തിലെ ഈരുകേരി പാടശേഖര ത്തെ നാല്പത് ഏക്കര്‍ പുഞ്ചനിലത്തിലും, തകഴിയിലെ പാടശേഖരങ്ങളിലുമാണ് കൊയ്ത്ത് തുടങ്ങിയത്. ചുമട്ടുകൂലിയാണ് കൊയ്ത്ത് കാലങ്ങളില്‍ കര്‍ഷകരെ ഏറെ വലയ്ക്കുന്നത്. അന്‍പത് മീറ്റര്‍ ദൂരം വരെയുള്ള ചുമട്ടുകൂലി കിന്റലിന് സര്‍ക്കാര്‍ 70 രൂപ ആക്കിയെങ്കിലും നൂറ് മുതല്‍ നൂറ്റിഇരുപത് രൂപ വരെ വാങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
പാടത്ത് നിന്ന് വള്ളത്തില്‍ എത്തിക്കുന്നത് വരെയാണ് ഈ തുക. വള്ളത്തില്‍ നിന്ന് ലോറിയില്‍ കയറ്റണമെങ്കില്‍ വീണ്ടും മുപ്പത് രൂപകൂടി മുടക്കണം.
ഒരു കിന്റല്‍ നെല്ല് ചാക്കില്‍ വാരിനിറക്കാന് സ്ത്രീത്തൊഴിലാളിക്ക് 30 രൂപയാണ് കഴിഞ്ഞ സീസണ് വരെ നല്‍കിയിരുന്നത്.
ഇത്തവണ ഇതിനും വര്‍ധനയുണ്ടാകുമെന്നാണ് സൂചന. കൈകാര്യച്ചെലവായി സര്‍ക്കാര്‍ നല്കുന്ന 12 രൂപയ്ക്ക് ഇതുവരെ വര്‍ധനയുണ്ടായിട്ടില്ല.
കഴിഞ്ഞ സീസണില്‍ ചുമട്ടുകൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് കൃഷിക്കാരും തൊഴിലാളികളും തമ്മില്‍ നിരന്തര പ്രശ്നങ്ങള്‍ നടന്നിരുന്നു. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കൂലിനിശ്ചയിച്ച പാടശേഖരങ്ങളില്‍ തൊഴിലാളികള്‍ നെല്ലെടുക്കാതെ മാറിനിന്ന അവസ്ഥയുണ്ടായിരുന്നു.
കൂലിത്തര്‍ക്കം മൂലം കഴിഞ്ഞ സീസണില്‍ തകഴി, എടത്വാ കൃഷിഭവനിലെ നാലോളം പാടശേഖരത്താണ് കൊയ്തെടുത്ത നെല്ല് ആഴ്ചകളോളം മഴനനഞ്ഞ് കിടന്നത്. ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട തര്‍ക്കം മുന്‍ സീസണിനേക്കാള്‍ ഇത്തവണ കടുക്കാനാണ് സാധ്യത. ഇത്തവണ ഒരുക്വിന്റല്‍ നെല്ല് ലോറിയില്‍ എത്തിക്കുമ്പോള്‍ 180 മുതല്‍ 200 രൂപ വരെ കര്‍ഷകര്‍ നല്‍കേണ്ടി വരും.
അവസാനം വിളവെടുക്കുന്ന കര്‍ഷകരാണ് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: