ചെങ്ങന്നൂര്‍: പെട്രോള്‍ പമ്പുടമയെ ബൈക്കിലെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26)നെയാണ് സിഐ: അജയനാഥ്, എസ്ഐ: പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തുവച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
മുളക്കുഴയിലെ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍നായര്‍(55)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപമായിരുന്നു സംഭവം.
മുരളീധരന് നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നുവന്ന രാജീവ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ വെച്ച് തടഞ്ഞുനിര്‍ത്തി. തൊട്ടു പിന്നാലെ ബൈക്കിലെത്തിയ എത്തിയ രണ്ടംഗ സംഘത്തില്‍ ഒരാള്‍ ബൈക്കില്‍നിന്നിറങ്ങി കമ്പിവടികൊണ്ട് മുരളീധരന് നായരുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
മുരളീധരന് നായര്‍ പമ്പില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ ആളെ തിരിച്ചറിയാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ രാജീവാണ് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന് മുന്‍പ് പ്രതികള്‍ പമ്പില്‍ ചെല്ലുകയും പെട്രോള്‍ അടിക്കാന്‍ താമസിച്ചതിനെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ അക്രമം നടത്തിയ രണ്ടുപേര്‍ പമ്പിലെത്തി ഭീഷണി മുഴക്കിയതായും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: