കൊല്ലം: ചവറയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നേ കണ്‍സ്ട്രക്ഷന്‍ അക്കാദമിയില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശനം നടത്തി. തൊഴില്‍ നൈപുണ്യ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് ചവറയിലെ അക്കാദമിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അക്കാദമിയുടെ വേഗത്തിലുള്ള നിര്‍മാണത്തിന് പ്രയത്നിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. യുവജനങ്ങളെ തൊഴില്‍ നിപുണരാക്കാന്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങണമെതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ചവറയിലെ കണ്‍സ്ട്രക്ഷന്‍ അക്കാദമിയിലൂടെ സാധ്യമാവുന്നതും പ്രധാനമന്ത്രിയുടെ സ്വപ്നമാണ്.
രാജ്യത്തെ 15 ലക്ഷത്തോളം വരുന്ന വിവിധ എന്‍ജിനീയറിങ് സീറ്റുകളില്‍ 8.5 ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പഠനം പൂര്ത്തിയായവര്ക്കുപോലും സ്കില്‍ എക്സലന്‍സി ഇല്ലെങ്കില്‍ ജോലി ലഭിക്കാറില്ല. അതുകൊണ്ടു തന്നെ ഇത്തരം സംരംഭങ്ങള്‍ വലിയ കാല്‍വയ്പ്പാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ തുക ആവശ്യമെങ്കില്‍ കേന്ദ്രം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് ടു മുതല്‍ എന്‍ജിനീയറിങ് യോഗ്യതയുള്ളവര്‍ക്കുവരെ കണ്‍സ്ട്രക്ഷന്‍ അക്കാദമിയില്‍ പ്രത്യേക തൊഴില്‍നൈപുണ്യ കോഴ്സുകള്‍ ഉണ്ടെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 5000 പേര്‍ക്ക് പ്രവേശനം നല്‍കും. തുടര്‍ന്ന് 20000 പേര്‍ക്ക് അക്കാദമിയില്‍ പ്രവേശനം ലഭിക്കും. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 100 കോടി രൂപയോളം ചെലവാണ് കണക്കാക്കുന്നതെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. ലേബര്‍ കമ്മീഷണര്‍ ബിജു സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: