ചങ്ങനാശേരി: മുനിസിപ്പല്‍ പ്രദേശത്തെ മാലിന്യം സംസ്ക്കരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ടെന്‍ഡര്‍ സംബന്ധിച്ചു കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം. ഫാത്തിമാപുരത്തുള്ള ഖരമാലിന്യ പ്ലാന്റില്‍ ജൈവവളം ഉല്‍പ്പാദനത്തിന് ശേഷമുള്ള അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനും നഗരസഭാ പരിധിയിലുള്ള മാലിന്യ സംസ്ക്കര പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യമില്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യവും ഈവേസ്റ്റ് എന്നിവ നീക്കം ചെയ്യുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി സ്വാകാര്യ വ്യക്തി ശേഖരിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്മാന് മുന്‍കൂര്‍ അനുമതിയോടുകൂടി അജന്‍ഡയായി കൗണ്‍സിലില്‍ അവതരിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഇത് കൗണ്‍സിലിന്റെ അധികാരത്തെ മറികടന്നുള്ളതായിട്ടാണ് ആക്ഷേപം. മാലിന്യ സംസ്കരണവും ശേഖരണവും സംബന്ധിച്ച് കൗണ്‍സിലോ മറ്റു ചര്‍ച്ചകളോ നടത്തിയിട്ടില്ല. മാലിന്യ ശേഖരണത്തിനുള്ള ഫീസ് നിശ്ചയിക്കുന്നത് കൗണ്‍സിലിന്റെ അധികാരത്തില്‍പ്പെട്ട കാര്യമാണെന്നും ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാവില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനായി മാറ്റിവച്ചതായി ചെയര്മാന് അറിയിച്ചു. പുഴവാത് ചത്രക്കടവ് ക്ഷേത്രത്തിന്റെ ഭാഗമായുള്ള കുളത്തില്‍ കടവ് ചിലര്‍ അടച്ചുകെട്ടിയത്. ചോദ്യം ചെയ്യപ്പെട്ട കടവ് പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിന് നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചു. കുളം ക്ഷേത്രത്തിന്റേതല്ലെന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ രേഖകള്‍ ഹാജരാക്കി കൗണ്‍സിലംഗം എന്‍.പി. കൃഷ്ണകുമാര്‍ വാദിച്ചു. പൂവക്കാട്ടുചിറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്നും കാണാതായതില്‍ ദുരൂഹതയുള്ളതായും കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: