ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ യൂണിറ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് നിവേദനം നല്കി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. തീര- കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വിദഗ്ദ്ധ ചികിത്സ തേടി പലരും തിരുവനന്തപുരത്ത് ആര്‍സിസിയില്‍ അഭയം തേടേണ്ട ഗതികേടിലാണ്. പാവപ്പെട്ട രോഗികള്‍ ഇതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നു. ആലപ്പുഴയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കിയാല്‍ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഉടന്‍തന്നെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്കി.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തികഞ്ഞ അലംഭാവമാണ് അധികൃതര്‍ കാട്ടിയതെന്ന് കെ. സോമന് പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുജനങ്ങളെയും പ്രദേശത്ത് ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും പോലും അറിയിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. ഇത്തരത്തില്‍ വന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നടത്തേണ്ടുന്ന പ്രചരണം പോലും ഉണ്ടായില്ല. വന്‍ വീഴ്ചയാണ് ഇക്കാര്യത്തില്‍ അധികൃതര്ക്കുണ്ടായതെന്നും സോമന് കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എംപി എംപിഫണ്ടു വിനിയോഗത്തില്‍ തികഞ്ഞ പക്ഷാഭേദമാണ് കാട്ടുന്നതെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: