ആലപ്പുഴ: ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സ്ഥാനമൊഴിയുന്ന കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇതിനു ജനപ്രതിനിധികളുടെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനമാണു വേണ്ടത്. പാക്കേജ് നടത്തിപ്പിനായി സംവിധാനവും ആലപ്പുഴയില്‍ത്തന്നെ ഉണ്ടാകണം.
ജില്ലയെ പിന്നോക്ക ജില്ലയായി പ്രഖ്യാപിച്ചാല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി മുഖേന വികസന കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വീടില്ലാത്തവര്‍ക്കു ഭവനം നിര്‍മിച്ചു നല്കുന്ന ഭവനഭാരതം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതാണ് ജില്ലയിലെ തന്റെ ഔദ്യോഗിക രംഗത്തെ മികച്ച നേട്ടമായി കണക്കാക്കുന്നത്. 14,000 പേര്‍ക്കാണു ജില്ലയില്‍ സ്വന്തമായി ഭൂമിയില്ലാത്തത്. 26,000പേര്‍ക്കു ഭവനങ്ങളുമില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച അപേക്ഷകള്‍ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ടതായിരുന്നു.
ഒരുവര്‍ഷം മുമ്പ് ആരംഭിച്ച് പദ്ധതി പ്രാവര്‍ത്തികമാകുന്നതിന് ഏറെ തടസങ്ങളുണ്ടായിരുന്നു. ഏഴുമാസം പല വകുപ്പുകളുടെ ഫയലുകളില്‍ കുരുങ്ങിയ പദ്ധതി നിരന്തരമായ ഇടപെടലുകളിലൂടെയാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്. കാര്‍ഷിക മേഖലയില്‍ രണ്ടുപതിറ്റാണ്ടായി തരിശുകിടന്ന ചിത്തിര കായല്‍ കൃഷിയോഗ്യമാക്കിയതും ജില്ലയുടെ വടക്കന്‍ മേഖലയിലെ പൊക്കാളി പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കാനായതും കാര്‍ഷിക മേഖലയിലെ നേട്ടങ്ങളായി അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്നതിനു മുമ്പായി മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ചടങ്ങില്‍ ഭവനഭാരതം പദ്ധതിയുടെ ലോഗോ പ്രകാശനവും ബ്രോഷര്‍ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: