പൂര്‍ണ്ണമനസ്സോടെ, തികഞ്ഞ ഭക്തിയോടെ ഭഗവദ് ഭജനം നടത്തിയാല്‍ ഭഗവാന്റെ ഭക്തിപ്രസാദം തീര്‍ച്ചയായും ലഭിക്കും. ഭക്തനേക്കാളുപരി ഭഗവാന് മറ്റൊന്നുമില്ല. ഭക്തന്റെ സങ്കടം ഭഗവാന്റെയും സങ്കടമാണ്.
ഭക്തനെ അകാരണമായി ആര് ദ്രോഹിച്ചാലും ഭഗവാന് ഉടന്‍ അവനെ ശിക്ഷിക്കുന്നു. പരമാത്മാവായ ഭഗവാന്റെ ആശ്രിതവാത്സല്യത്തിന് അതിരില്ല. അതേപറ്റി പറഞ്ഞാലും തീരില്ല.
ശ്രീരാമനോടുള്ള ഭക്തിമൂലം സുഗ്രീവന് നഷ്ടപ്പെട്ട കുടുംബജീവിതം തിരികെക്കിട്ടി. ഹനുമാന് രാമായണവും, രാമനാമവും ഉള്ളിടത്തോളം കാലം ചിരഞ്ജീവിയായി കഴിയാന്‍ വരം ലഭിച്ചു. രാമായണത്തിലെ രാമഭക്തന്‍മാര്‍ക്കെല്ലാം ഭഗവാന് മോക്ഷം നല്കി.
കുചേലന് ശ്രീകൃഷ്ണനോടുള്ള അതിയായ ഭക്തിമൂലം സമ്പത്തും ഐശ്വര്യവും ലഭിച്ചു. അജാമിളന് അന്ത്യകാലത്ത് നാരായണ നാമം ചൊല്ലിയതിനാല്‍ മോക്ഷം കിട്ടി. ഗോപസ്ത്രീകളുടെ ആത്മാര്‍ത്ഥമായ ഭക്തിക്ക് ഭഗവാന് മോക്ഷം കൊടുത്തു.
കംസന്, പൂതന, ശിശുപാലന്, രാവണന് ഇവര്‍ക്കെല്ലാം ഭഗവാനോട് വൈരമായിരുന്നെങ്കിലും സദാ വൈരഭാവത്തില് ഭഗവാനെ സ്മരിച്ചതുകൊണ്ട് മോക്ഷം നല്കി അനുഗ്രഹിച്ചു.
പാണ്ഡവര്‍ക്ക് അഭീഷ്ടസിദ്ധി നല്കി. ഉദ്ധവര്‍ക്ക് ജ്ഞാനം നല്കി അനുഗ്രഹിച്ചു. ഇങ്ങനെ ഭഗവാന്റെ ഭക്തവാല്‍സല്യം എഴുതിയാല്‍ തീരില്ല.
സര്‍വ്വവും മറന്ന് ഭഗവാനില്‍ ലയിച്ചിരിക്കുന്ന ഭക്തന്റെ ദാസ്യവൃത്തിപോലും ഭഗവാന് ചെയ്യുന്നു. ഞാന്‍ എന്റെ ഭക്തന്റെ ദാസനാകുന്നു, എന്ന് ഭഗവാന് അരുള്‍ ചെയ്തിട്ടുണ്ട്.
ഭഗവാന് ശ്രീകൃഷ്ണന് ഗോകുലത്തില്‍ ഗോപികമാര്‍ക്ക് ദാസ്യവൃത്തി ചെയ്തിട്ടുണ്ട്. പഞ്ചപാണ്ഡവന്മാര്ക്ക് ദാസനായി നിന്ന് സഹായിക്കുകയും അര്‍ജ്ജുനന്റെ തോരാളിയായി യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. കുറൂരമ്മ, വില്വമംഗലം ഇവര്‍ക്കെല്ലാം ദാസനായിനിന്ന് അവരെ അനുഗ്രഹിച്ചു.
പാഞ്ചാലിയുടെ ഭക്തിയില്‍ സന്തുഷ്ടനായി അക്ഷയവസ്ത്രം നല്കി. പൂന്താനം, മേല്‍പ്പുത്തൂര്‍ ഇവര്‍ക്കെല്ലാം സാന്ത്വനവും സ്നേഹവും അനുഗ്രഹവും നല്കി.
പ്രഹഌദന്, ഭക്തമീര, ധ്രുവകുമാരന് ഇവരുടെയെല്ലാം ഭക്തിയില്‍ ഭഗവാന് കാരുണ്യാമൃതം ചൊരിഞ്ഞു. ഭക്തന് ഒരു സമയം ഭഗവാനെ മറന്നാലും, ഭഗവാന് ഭക്തനെ മറക്കില്ല. ഭക്തിയുടെ ഫലം നന്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: