വലിയ തേജസ്സും വലിയ ശരീരവുമുള്ള ഹനുമാന് വായുമാര്‍ഗത്തില്‍ യാതൊരാശ്രയവുമില്ലാതെ സഞ്ചരിക്കുന്ന ചിറകുള്ള പര്‍വതംപോലെ ശോഭിച്ചു. ആ സമയത്ത് സാഗരം മൈനാകപര്വതത്തിന് വിളിച്ചുപറഞ്ഞു. ”ഹേ പര്വതശ്രേഷ്ഠാ! അങ്ങ് അസുരന്മാര്ക്ക് പുറത്തേക്കുവരാന്‍ കഴിയാത്തവണ്ണം പാതാളത്തിന്റെ വാതില്‍ മൂടിക്കൊണ്ടു നില്ക്കുകയാണല്ലോ.
വായുപുത്രനായ ഹനുമാനിതാ രാമന്റെ ദൂതനായി സമുദ്രത്തിനു മീതെക്കൂടി ലങ്കയിലേക്കുപോകുന്നു. ഇക്ഷ്വാകുവംശത്തിലെ രാജാവിന്റെ ദുതനായിപ്പോകുന്ന ഹനുമാനെ സഹായിക്കേണ്ടത് എന്റെ കടമയാണ്. ഈ വംശത്തില്‍പ്പെട്ട സഗരനാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് സാഗരമെന്നു പേരുകിട്ടിയതും. ആ നിലയ്ക്ക് ഹനുമാനെ സഹായിക്കേണ്ടത് എന്റെ കടമയാണ്. അങ്ങ് അവനു വിശ്രമിക്കാനും തളര്‍ച്ച തീര്‍ക്കാനും സൗകര്യം ചെയ്തുകൊടുക്കണം.”
സമുദ്രത്തിനടിയില്‍ ഒളിച്ചുകിടന്ന മൈനാകം പെട്ടെന്ന് ആകാശത്തിലേക്കുയര്‍ന്ന് ഹനുമാന്റെ മാര്‍ഗത്തില്‍ നിന്നു.
”അല്ലയോ വാനരശ്രേഷ്ഠ! ഞാന്‍ പര്‍വതരാജനായ ഹിമവാന്റെ പുത്രന് മൈനാകമാണ്. അങ്ങയോടുള്ള ബഹുമാനംകൊണ്ട് സമുദ്രം എന്നെ അയച്ചിരിക്കുകയാണ്. അങ്ങ് അല്പനേരം എന്നിലിരുന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ച് വിശ്രമിച്ചിട്ട് പോകണം.” ഹനുമാന് ചിരിച്ചുകൊണ്ട് മൈനാകത്തെ ഒന്നു തലോടിയിട്ടു പറഞ്ഞു ”ഞാന്‍ രാമകാര്യത്തിനാണ് പോകുന്നത്.
ഈശ്വരകാര്യത്തിന് പുറപ്പെടുന്നവര്‍ പെരുവഴിയില്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും മറ്റൊരു കാര്യത്തില്‍ ഏര്‍പ്പെടുന്നതും ഉചിതമല്ല. നിന്റെ സല്‍ക്കാരം ഞാന്‍ സ്വീകരിച്ചിരിക്കുന്നു.” എന്നിട്ട് വീണ്ടും ആകാശത്തിലൂടെ നില്‍ക്കാതെ യാത്ര തുടര്‍ന്നു.
മൈനാകത്തിന്റെ കഥ രസകരമാണ്. മൈനാകം ഹനുമാനോട് പറയുന്നു.
”പണ്ട് കൃതയുഗത്തില്‍ പര്‍വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ ഗരുഡന്റെയും വായുവിന്റെയും വേഗതയില്‍ എല്ലായിടത്തും സഞ്ചരിച്ചിരുന്നു. അവ നിലത്തുവന്നിരുന്നാല് ആശ്രമങ്ങളും ജീവജാലങ്ങളും മനുഷ്യരും തകര്‍ന്നുപോകുമെന്ന് ദേവന്മാരും ഋഷികളും ഭയപ്പെട്ടു.
അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ഇന്ദ്രന് കോപിച്ച് എല്ലാ പര്‍വതങ്ങളുടെയും ചിറകുകള് വജ്രായുധംകൊണ്ട് അരിഞ്ഞിട്ടു. ഹിമവാന്റെ പുത്രനും ഹൈമവതിയുടെ സഹോദരനുമായ എന്നെ വായുഭഗവാന് പെട്ടെന്ന് സമുദ്രത്തിലേക്ക് എടുത്തെറിഞ്ഞു. ഈ സാഗരം എനിക്കഭയം തന്നു. അങ്ങനെ വായുഭഗവാന് സഹായിച്ചതിനാല്‍ ഞാന്‍ ചിറകു നഷ്ടപ്പെടാതെ രക്ഷപ്പെട്ടു”. മൈനാകം ഹനുമാനെ സല്ക്കരിക്കാന് ശ്രമിച്ചതറിഞ്ഞ് ഇന്ദ്രനു സന്തോഷമായി. ദശരഥപുത്രനായ രാമന്റെ സന്ദേശവാഹകനായ ഹനുമാനെ സല്‍ക്കരിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. നീയിനി ഇഷ്ടമുള്ളിടത്തു നിന്നുകൊള്ളൂ” അങ്ങനെ മൈനാകം ഇന്ദ്രകോപത്തില്‍ നിന്നും രക്ഷപ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: