ഈ ദൂതവാക്യം കേട്ടപ്പോള്‍ കൂടുതല്‍ ക്രുദ്ധനായി, ഇന്ദ്രനുകൊടുക്കാനുള്ള മറുപടിയായി ചന്ദ്രന് പറഞ്ഞു: ‘നീ വലിയൊരു ധര്മജ്ഞന്! ദേവാധിപന്‍!. ബ്രഹ്മാവിന് തുല്യനാണ് അങ്ങ്. ബുദ്ധിയിലും തഥൈവ. ഉപദേശിക്കാന്‍ എല്ലാവരും ബഹുസമര്‍ത്ഥരാണ്. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ എല്ലാം തകരാറില്‍ ആവും. തന്നെ കാമിക്കുന്ന സ്ത്രീയെ കൈക്കൊള്ളുന്നതില്‍ തെറ്റെന്താണ്? ബലശാലികള്‍ക്ക് എല്ലാം തന്റെതാണ്. ദുര്‍ബലര്‍ക്ക് ഒന്നുമില്ല. മന്ദബുദ്ധികള്‍ക്ക് നിന്റെ, എന്റെ എന്നിങ്ങിനെയുള്ള ഭ്രമമാണ്. എന്നിലുള്ളതുപോലെ താരയ്ക്ക് ഗുരുവില്‍ പ്രേമമില്ല. അനുരാഗിണിയെ ത്യജിക്കുന്നത് ശരിയാണോ? ഗാര്ഹസ്ഥ്യത്തിന്റെ തുടക്കം അനുരാഗത്തില്‍ നിന്നാണ്. ഈ ബൃഹസ്പതി തന്റെ അനുജനായ ഉത്ഥ്യന്റെ ഭാര്യ മമതയെ കാമിച്ചുവല്ലോ. ആ വെറുപ്പിലാണ് താരക്ക് മുനിയോടുള്ള അനുരാഗം ഇല്ലാതായത്. പ്രേമമില്ലെങ്കില്‍ എന്ത് സുഖമാണ് ഗൃഹസ്ഥനു ലഭിക്കുക? ഹേ ഇന്ദ്രാ, നീ എന്താണെന്ന് വെച്ചാല്‍ ചെയ്യുക. താരയെ ഞാന്‍ വിട്ട് തരികയില്ല.’
ദൂതന് ചന്ദ്രന്റെ മറുപടി ഇന്ദ്രനെ അറിയിച്ചു. കോപിഷ്ഠനായ ഇന്ദ്രന് സൈന്യത്തെ സജ്ജമാക്കി. യുദ്ധവൃത്താന്തം കേട്ടിട്ട് അസുരഗുരുവായ ശുക്രന് ഗുരുപത്നിയെ നീ വിട്ടുകൊടുക്കരുതെന്ന് ചന്ദ്രനെ ഉപദേശിച്ചു. ‘ഞാന്‍ നിനക്ക് ഇന്ദ്രനെ നേരിടാന്‍ മന്ത്ര സഹായം നല്‍കാം.’ ശങ്കരന് ഇന്ദ്രന് സഹായം ചെയ്തു. ദേവാസുരയുദ്ധം ആരംഭിച്ചു. താരകാസുരനുമായുണ്ടായ യുദ്ധം പോലെ അനേകവര്‍ഷങ്ങള്‍ ഈ യുദ്ധവും നീണ്ടുപോയി. ഈ യുദ്ധമങ്ങനെ തുടരുന്നതുകണ്ടിട്ട് ഹംസവാഹനത്തില്‍ ബ്രഹ്മാവ് യുദ്ധക്കളത്തില്‍ എത്തി.
‘നീ ഗുരുപത്നിയെ വിട്ടു കൊടുക്കുക. അല്ലെങ്കില്‍ നിനക്ക് മഹാവിഷ്ണുവിന്റെ പ്രഹരവും എല്ക്കേണ്ടതായിവരും! ബ്രഹ്മാവ് ശുക്രനോടും പറഞ്ഞു: ദുഷ്ട സംഗത്താല്‍ നീയും ദുര്ബുദ്ധിയായോ?
ശുക്രന് ഉടനെതന്നെ ഗുരുപത്നിയെ വിട്ടുകൊടുക്കാന്‍ ചന്ദ്രനെ ഉപദേശിച്ചു. ചന്ദ്രന് ഗുരുവിനെ അനുസരിച്ച്. ഗര്‍ഭിണിയായ താരയെ ബൃഹസ്പതിക്ക് വിട്ടുകൊടുത്തു. മുനി സന്തോഷവാനായി.
കാലം തികഞ്ഞപ്പോള്‍ ചന്ദ്രനെപ്പോലെ തേജോമയനായ ഒരു പുത്രന് ജനിച്ചു. ഗുരു ജാതകര്‍മ്മങ്ങളെല്ലാം യഥാവിഥി നടത്തി. പുത്രജന്മവൃത്താന്തം അറിഞ്ഞ ചന്ദ്രന് വ്യാഴത്തിന്റെ (ഗുരു)യടുത്തേയ്ക്ക് ഒരു ദൂതനെയയച്ചു. ‘ഇവന് നിന്റെ പുത്രനല്ല, എന്റെ വീര്യത്തില്‍ നിന്നും ജനിച്ചവനാണല്ലോ. പിന്നെ എന്തിനാണവന്റെ ജാതകര്‍മ്മങ്ങള്‍ നീ ചെയ്തത്?’
‘ഇവന് എന്റെ പുത്രന് തന്നെ, എനിക്കതില്‍ സംശയമില്ല’ എന്നായി ഗുരു. പിന്നെ വാഗ്വാദമായി. ദേവാസുരയുദ്ധം വീണ്ടും ഉണ്ടാവുമെന്ന അവസ്ഥയായി. സമാധാനത്തിനായി ബ്രഹ്മാവ് അവിടെയെത്തി. താരയോട് ചോദിച്ചു: ഈ പുത്രന് ആരുടേതാണ്?’ ‘ചന്ദ്രന്റെതാണ്’ എന്ന് പറഞ്ഞു നാണത്തോടെ താര അകത്തളത്തിലേക്ക് വലിഞ്ഞു. ചന്ദ്രന് പുത്രനെയെടുത്ത് അവനു ബുധന്‍ എന്ന് പേരിട്ടു സ്വഗൃഹത്തില്‍ വളര്‍ത്തി. ഇന്ദുവിന് വ്യാഴക്ഷേത്രത്തില്‍ ബുധന്‍ പിറന്നതിന്റെ കഥ ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: