മുഹമ്മ: എടിഎം കാര്‍ഡ് പുതുക്കാനെന്ന വ്യാജേന ഉടമസ്ഥനില്‍ നിന്നും രഹസ്യനമ്പര്‍ മനസിലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക തട്ടിയെടുത്തതായി പരാതി. മുഹമ്മ ആര്യക്കര ക്ഷേത്രത്തിലെ ജീവനക്കാരന് മങ്കുഴിയില്‍ എം.ടി. സലിമാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയില്‍ 48,239 രൂപ നഷ്ടപ്പെട്ടു.
വ്യാജകാര്‍ഡ് ഉപയോഗിച്ച് കടകളില്‍ നിന്നും സാധനം വാങ്ങിയാണ് ഒരു മണിക്കൂറിനുള്ളില്‍ 14 പ്രാവശ്യമായി പണം എടുത്തിട്ടുള്ളത്. സലിമിന്റെ അക്കൗണ്ടില്‍ ഇനി 482 രൂപ മാത്രമാണ് ശേഷിക്കുന്നത്. കാനറാബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 11.40 ഓടെ സലിമിനെ വിളിച്ചത്.
08298958865 എന്ന നമ്പരില്‍ സലിമിന്റെ മൊബൈലില്‍ വിളിച്ച ആള് ഹിന്ദിയിലാണ് സംസാരിച്ചത്.എ ടി എം കാര്‍ഡ് പുതുക്കാന്‍ സമയമായെന്നും താങ്കളുടെ കാര്‍ഡിലെ 16 അക്ക നമ്പര്‍ പറഞ്ഞ് കൊടുക്കാനും ആവശ്യപ്പെട്ടു. ഈ നമ്പര്‍ നല്കിയപ്പോള് പുതിയ നാലക്ക നമ്പര്‍ സലീമിന് ഇയാള്‍ പറഞ്ഞ് കൊടുത്തു. നിലവിലുള്ള രഹസ്യ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും സലിം നല്‍കിയില്ല.
ഏതാനും മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍ നിന്നും 1000 രൂപ പിന്‍വലിച്ചതായുള്ള മെസേജ് സലീമിന്റെ മൊബൈലില്‍ എത്തി. ബാങ്കിലെ ഫോണ്‍ നമ്പര്‍ സലീമിന്റെ കൈവശമില്ലാതിരുന്നതിനാല്‍ കാനറബാങ്കിന്റെ ആലപ്പുഴ ശാഖയിലെത്തി വിവരമറിയിക്കാന്‍ സ്കൂട്ടറില്‍ പുറപ്പെട്ടു. എന്നാല്‍ ബാങ്കിലെത്തുന്നതിന് മുമ്പേ 14 തവണയായി അക്കൗണ്ടില്‍ നിന്നും പല തുകകളായി പിന്‍വലിച്ചതായി ഫോണില്‍ അറിയിപ്പ് വന്നുകൊണ്ടിരുന്നു.
ബാങ്കിന്റെ അന്വേഷണത്തില്‍ മുബൈയിലെ ഗോറിഗാവോണ്‍ എന്ന സ്ഥലത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞത്.പണം നഷ്ടപ്പെട്ട സലീം മുഹമ്മ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: