പള്ളിപ്പുറം: പള്ളിപ്പുറത്ത് സിപിഎം അക്രമ പരമ്പര തുടരുന്നു. വ്യാപക ആക്രമണമുണ്ടായിട്ടും പോലീസ് ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ ബുധനാഴ്ച രാത്രി വ്യാപക ആക്രമണം നടത്തിയതിനു പിന്നാലെയാണ് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പള്ളിപ്പുറം പത്മപുരത്തെ വിവേകാനന്ദ സേവാകേന്ദ്രം തല്ലി തകര്‍ക്കുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്. സേവാകേന്ദ്രത്തിലെത്തിയ അക്രമിസംഘം മുന്‍ഭാഗത്തെ ടൈലുകള്‍ അടിച്ചുതകര്‍ക്കുകയും വാട്ടര്‍ടാങ്ക്, വാഷ്ബെയ്സനും, പൈപ്പുകളും മറ്റും തല്ലിതകര്‍ത്ത് മോട്ടറും ജനാലപാളിയും മോഷ്ടിക്കുകയും ചെയ്തു. രാത്രിയുടെ മറവിലാണ് സിപിഎം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുന്നത്. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടും ആക്രമണങ്ങള്‍ നടത്തുന്നത്. കുറ്റവാളികളെ പിടികൂടിയാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് രക്ഷപെടുത്തുന്നതാണ് ആക്രമണം കൂടുതല്‍ വ്യാപിക്കാന്‍ കാരണമാകുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ ജനജീവിതത്തെ ഭീതിപ്പെടുത്തി 15 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകരും ഗുണ്ടകളും പള്ളിപ്പുറത്ത് ഭീകരത സൃഷ്ടിച്ചിരുന്നു. പള്ളിപ്പുറം പ്രദേശത്ത് ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം ആക്രമണം. പള്ളിപ്പുറം കോന്നാട്ടുവെളിയില്‍ മുരളീധരന്, ചക്കനാട്ട് കോളനി കുഞ്ഞുമണി, കളത്തിങ്കല്‍ വെളിയില്‍ അശോകന്, പള്ളിപ്പുറം തച്ചാറയില്‍ ഗോപകുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും മുരളീധരന്റെ ഒറ്റപ്പുന്ന ജംങ്ഷനിലുള്ള പെയിന്റ് കടയ്ക്കു നേരെയുമാണ് ആക്രമണമുണ്ടായത്. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് പ്രകടവും സമ്മേളനവും നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: