കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തില്‍ നിന്നും ജലം വലിച്ചെടുക്കുകും തടാകത്തിലേക്കുള്ള ഉറവകളെ തടയുകയും ചെയ്ത തീരത്തെ അക്കേഷ്യമരങ്ങളുടെ നിര്‍മാര്‍ജനം പ്രഹസനമാകുന്നു.
റവന്യു, ഫോറസ്റ്റ് വകുപ്പുകള്‍ ഇതൊരു കച്ചവടം മാത്രമായാണ് കാണുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് തടാകതീരം ഹരിതാഭമാക്കുന്നതിന് വേണ്ടിയാണ് സോഷ്യല്‍ ഫോറസ്ട്രി അക്കേഷ്യാമരങ്ങള്‍ വച്ചുപിടിപ്പിച്ചത്. എന്നാല്‍ ഇത് പിന്നീട് തടാകത്തിന് ദോഷകരമായി ഭവിക്കുകയായിരുന്നു. തടാകത്തിലെ ജലം അമിതമായി വലിച്ചെടുത്തത് കൂടാതെ ഉറവകളെ തടയുകയും ചെയ്തു. അധികൃതര്‍ ഈ അപകടം മനസിലാക്കിയപ്പോഴേക്കും തടാകതീരം മുഴുവന്‍ അക്കേഷ്യാകാടുകളായി മാറി. പിന്നീട് ഇവ മുറിച്ച് മാറ്റാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തികനേട്ടം മാത്രമായിരുന്നു വകുപ്പുകളുടെ നോട്ടം. രണ്ടുതവണ ലേലനടപടികളിലൂടെ വലിയ അക്കേഷ്യാമരങ്ങള്‍ മാത്രം മുറിച്ച് മാറ്റുകയും ചെറിയ മരങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. അടുത്ത വിളവെടുപ്പിനായി. ഈ നടപടി തടാകതീരത്ത്അക്കേഷ്യയുടെ വ്യാപനത്തിലാണ് കലാശിച്ചത്. ഇത് വലിയ പ്രതിഷേധത്തിനും തടാകത്തിന്റെ മരണത്തിനും വേഗത കൂട്ടി. തുടര്‍ന്ന് അഞ്ചുമാസം മുമ്പ് ചെറുതും വലുതുമായ മുഴുവന്‍ അക്കേഷ്യമരങ്ങളും മുറിച്ച് മാറ്റാന്‍ അധികൃതര്‍ ലേലം നല്‍കുകയായിരുന്നു.
4800 മരങ്ങള്‍ 45 ലക്ഷം രൂപക്കാണ് ലേലം നല്‍കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മുറിച്ച് മാറ്റണമെന്നായിരുന്നു നിബന്ധന. എന്നാല്‍ തടാകതീരത്തിന്റെ കിടപ്പുമൂലം ഇത് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മരങ്ങള്‍ മുറിച്ചുമാറ്റുന്നുണ്ടെങ്കിലും അവയുടെ പുതിയ തൈകളും വിത്തുകളും നശിപ്പിക്കാന്‍ റവന്യു, ഫോറസ്റ്റ് വകുപ്പുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തടാകം ഉള്‍വലിഞ്ഞ ഭാഗങ്ങളില്‍ വരെ വിത്തുകള്‍ വീണ് അക്കേഷ്യാമരങ്ങള്‍ വളരുകയാണ്. ഇത് തടാകത്തിന്റെ നാശം വേഗത്തിലാക്കും. രണ്ടുവര്‍ഷത്തിന് ശേഷം മറ്റൊരു ലേല നടപടിക്ക് കരുതിവയ്ക്കും പോലെയാണ് അധികൃതരുടെ പോക്ക്. ഇത്തരത്തിലുള്ള അക്കേഷ്യ കാടുകള്‍ സാമൂഹ്യവിരുദ്ധരുടെയും വാറ്റ് സംഘങ്ങളുടെയും വിഹാരകേന്ദ്രം കൂടിയാണ്. തടി കൊണ്ടുപോകാന്‍ തീരത്ത് താല്‍ക്കാലികമായി നിര്‍മിച്ച പാത ചെളികടത്തിനും മറ്റുമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. ഈ പാതകള്‍ തടി മാറ്റിയതിന് ശേഷം അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതും നടപ്പായിട്ടില്ല. ലാഭകണ്ണോടെ നോക്കാതെ തടാകത്തിന്റെ നിലനില്‍പ്പിനായി തീരത്തെ മുഴുവന്‍ അക്കേഷ്യ മരങ്ങളും ഉന്മൂലനം ചെയ്യണമെന്നാണ് തടാകസ്നേഹികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: