വാഴൂര്‍: എസ്വിആര് എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ തേര്‍വാഴ്ച. സംഘട്ടനത്തില്‍ വിദ്യാര്‍ത്ഥിനികളടക്കം നിരവധിപേര്‍ക്ക് പരിക്ക്. പഠിപ്പുമുടക്ക് സമരത്തിന്റെ പേരിലായിരുന്നു എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമികള്‍ അക്രമം അഴിച്ചുവിട്ടത്. രാവിലെ 9.30ഓടെയാണ് സംഭവം. പഠിപ്പ് മുടക്ക് നടത്തിയ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കോളേജിനുള്ളില്‍ കടക്കാതിരിക്കാന്‍ പ്രധാന ഗേറ്റുകളെല്ലാം പൂട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് അക്രമികള്‍ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ കോളേജിന്റെ മറ്റൊരു ഗേറ്റ് തുറന്നാണ് വിദ്യാര്‍ത്ഥികളെ കോളേജിനുള്ളില്‍ പ്രവേശിപ്പിച്ചത്. കോളേജിനുള്ളില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ചില അദ്ധ്യാപകരെയും എസ്എഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തി. എബിവിപിയുടെ പ്രചരണ സാമഗ്രികളെല്ലാം നശിപ്പിച്ചു. ഇവരുടെ ആക്രമത്തില്‍ എബിവിപി സംസ്ഥാന സമിതിയംഗം അതുല്‍.പി.ദാസ്, യൂണിറ്റ് പ്രസിഡന്റ് എസ്.ശരത്, സെക്രട്ടറി അഭിജിത്ത്, വിഷ്ണു, അഭിജിത്ത്.വി.എസ്, എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ നിന്ന് പോലീസും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: