കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് രൂക്ഷമാകുന്നു. പഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍നിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം പാണൂര്‍ക്കവലയില്‍ നടേല്ക്കുന്ന് ഇടിച്ചുനിരത്താന്വന്ന മണ്ണുമാഫിയയെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളും വാഹനങ്ങളുമായെത്തിയവരുമായി നാട്ടുകാര്‍ വാക്കേറ്റം നടത്തുകയും അത് കയ്യാങ്കളിവരെ എത്തുകയും ചെയ്തു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി. എന്‍എസ്എസ് പടിക്ക് പടിഞ്ഞാറുവശം 5-ാം വാര്‍ഡിലെ കഴുന്നുകുഴി, 14-ാം വാര്‍ഡിലെ ഉരപ്പൂഴിക്കല്കുന്ന്, വേമ്പുന്താനംകുന്ന്, കുളത്തുങ്കല്കുന്ന്, നടേല്ക്കുന്ന്, 15-ാം വാര്‍ഡിലെ നെടുമറ്റംകുന്ന് എന്നിവിടങ്ങളിലാണ് വന്‍തോതില്‍ മണ്ണെടുപ്പ് നടക്കുന്നത്. മണ്ണു കയറ്റിവരുന്ന ടിപ്പറുകള്‍ കാരണം മറ്റ് വാഹനങ്ങള്‍ക്കും സ്കൂള്‍കുട്ടികള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നില്ല. ലോറികളില്‍ നിന്നും വീഴുന്ന മണ്ണും കല്ലും പൊടിശല്യം ഉയര്‍ത്തുകയും അപകടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. വാര്‍ഡ് ജനപ്രതിനിധികള്‍ ജനങ്ങളുടെ ബുദ്ധിമുട്ടും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 15-ാം വാര്‍ഡില്‍ അയല്സഭകളില് പ്രതിഷേധം ശക്തമാവുകയും പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടും യാതൊരുഫലവും കണ്ടില്ല. 14-ാം വാര്‍ഡില്‍പ്പെടുന്ന കളത്തുങ്കല്കുന്നിലെ മണ്ണെടുത്തു നീക്കിയാല്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് കാട്ടി ജനങ്ങള്‍ ആര്‍ഡിഒ, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വന്‍ രാഷ്ട്രീയ സ്വാധീനങ്ങളും അഴിമതിയും കറുകച്ചാലിലെ മണ്ണെടുപ്പുമായുണ്ടെന്നും അതുകൊണ്ടാണ് ജനപ്രതിനിധികള്‍പോലും സംഭവങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണെടുപ്പിനെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: