കൊച്ചി: ഉത്സവത്തിന് കൊണ്ട് വന്ന ആനയിടഞ്ഞത് മണിക്കൂറുകളോളം നാടിനെ പരിഭ്രാന്തിയിലാക്കി. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാന് രക്ഷപ്പെട്ടത് ആറര മണിക്കൂറിന് ശേഷം. തേവര മാട്ടമ്മല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2.30യോടെ എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്നപ്പോഴാണ് ചാമപ്പുഴ ഉണ്ണികൃഷ്ണന് എന്ന ആന ഇടഞ്ഞത്. ക്ഷേത്രത്തിന് ഉള്ളില്‍ വെച്ച് ഇടഞ്ഞ ആന തിരക്കുള്ള റോഡിലേക്ക് കടക്കാതിരിക്കാന്‍ നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് തീയിട്ടാണ് തടഞ്ഞത്. ഓടുന്നതിന് മുമ്പ് സമീപത്തെ ആല് മരത്തില്‍ വടം ഉപയോഗിച്ച് തളച്ചു. ഈ സമയം പാപ്പാന് ആനയുടെ പുറത്ത് ഉണ്ടായിരുന്നു. പലതവണ പാപ്പനെ കുടഞ്ഞ് താഴെയിടാന്‍
ശ്രമം നടന്നിരുന്നു. വടം ഉപയോഗിച്ച് കാലില്‍ ബന്ധിച്ചെങ്കിലും ഇത് പലതവണ പൊട്ടിച്ച് പുറത്ത് കടക്കാന്‍ ശ്രമം നടത്തിയത് പരിഭ്രാന്തി വളര്‍ത്തി. ഇടഞ്ഞ ആന ആല്‍ത്തറയും ഭണ്ഡാരവും തകര്‍ത്തു. രാത്രി ഒമ്പത് മണിയോടെയാണ് ആനയെ പൂര്‍ണമായും തളയ്ക്കാനായത്. എട്ടേമുക്കാലോടെ ആനയ്ക്ക് കൊടുത്ത പഴം തിന്നുന്നതിനിടെ ആനപ്പുറത്തിരുന്ന പാപ്പാന് പുറത്ത് നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: