കൊച്ചി: സംസ്ഥാനതല പഞ്ചായത്തുദിനാഘോഷം ഇന്നും നാളെയും അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടത്തും. പഞ്ചായത്ത് രാജ് ഉപജ്ഞാതാവ് ബല്‍വന്ത്റായ് മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
വിവിധ സെമിനാറുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫികളും തൊഴിലുറപ്പു പദ്ധതിയില്‍ മികവു കാട്ടിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്കാര വിതരണം, അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്കാര വിതരണം എന്നിവയും ഇതോടൊപ്പം നടക്കും. ഇന്ന് രാവിലെ 9.30ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ടി. മാത്യു പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
പത്തുമുതല്‍ സെമിനാറില്‍ ജോസ് തെറ്റയില്‍ എം എല്‍ എ അധ്യക്ഷനായിരിക്കും. കേരള ലോക്കല്‍ ഗവ. കമ്മീഷന് ചെയര്മാന് കുട്ടി അഹമ്മദുകുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമവികസന വകുപ്പു മന്ത്രി കെ. സി. ജോസഫ് മഹാത്മ പുരസ്കാരവിതരണം നിര്‍വഹിക്കും. ജില്ലാതല സ്വരാജ് ട്രോഫി പൊതുമരാമത്തു വകുപ്പു മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് സമ്മാനിക്കും. ത്രിതല പഞ്ചായത്തുകളിലെ മികച്ച സെക്രട്ടറിമാര്‍ക്കുള്ള പുരസ്കാരം എക്സൈസ്, ഫിഷറീസ് വകുപ്പു മന്ത്രി കെ. ബാബു വിതരണം ചെയ്യും. ഐഎസ്ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരം പട്ടികജാതി പിന്നോക്കക്ഷേമ വകുപ്പു മന്ത്രി എ.പി. അനില്‍കുമാറും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സുവനീര്‍ പ്രകാശനവും മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിക്കും. വിവിധ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 9 ന് നാട്ടരങ്ങ് വിവിധ കലാപരിപാടികള്‍. 20ന് സെമിനാറും സമാപന സമ്മേളനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: