കൊട്ടാരക്കര: പട്ടികജാതി വനിതാപഞ്ചായത്തംഗത്തെ മര്‍ദ്ദിച്ച ഇടതുനേതാക്കള്‍ക്ക് എതിരെ കേസെടുക്കാന്‍ കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റീന.എസ്.ദാസ് ഉത്തരവായി.
നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല നാലാംവാര്‍ഡ് അംഗം മഞ്ജുഷ നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞമാസം 31നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടാത്തല പണയില്‍ സ്കൂളില്‍ ഗ്രാമസഭ നടക്കുന്നതിനിടയില്‍ അഞ്ചംഗസംഘം മെമ്പറെ മര്‍ദ്ദിക്കുകയും സാരി പിടിച്ചഴിച്ച് കയ്യിലിരുന്ന മിനിട്ട്സ് വലിച്ചുകീറി കളയുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ ദിവസങ്ങളോളം താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പോലീസ് പട്ടികജാതി വനിതയായിട്ടും പഞ്ചായത്തംഗമായിട്ടും ഇടതുസ്വാധീനത്തില് ജാമ്യം ലഭിക്കുന്ന നിസാരവകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇതിനെതിരെയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. പട്ടികജാതിപട്ടികവര്‍ഗ സംരക്ഷണത്തിനായുള്ള വകുപ്പുകളും സ്ത്രീകളെ പൊതുജനമധ്യത്തില്‍ അപമാനിച്ചു എന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കാനാണ് കൊട്ടാരക്കര പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. വാദിക്ക് വേണ്ടി അഡ്വ.വയയ്ക്കല്‍ സോമനാണ് സ്വകാര്യഅന്യായം ഫയല്‍ ചെയ്തത്. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസില്‍ പോലീസ് പക്ഷപാതപരമായി പെരുമാറിയതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
കൊട്ടാരക്കര കോട്ടാത്തല വാര്‍ഡിലെ ആദ്യ ഗ്രാമസഭ പണയില്‍ സ്കൂളില്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. 120 ഓളം അംഗങ്ങള്‍ എത്തി ഒപ്പിട്ട് വികസനസമിതി രൂപീകരിച്ച് യോഗം നടക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ സിപിഐ നേതാവ് തങ്ങളുടെ നേതാക്കള്‍ എത്താതെ യോഗം നടത്താന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ചു. അണികള്‍ക്ക് സിഗ്നല്‍ നല്കി നേതാവ് ഹാള്‍ വിട്ടയുടന്‍ ‘പട്ടികജാതിക്കാരിയായ നിന്നെ ഞങ്ങള്‍ മെമ്പറായി വാഴിക്കില്ല’ എന്ന് പ്രഖ്യാപിച്ച് അഞ്ചംഗസംഘം മെമ്പര്‍ക്ക് നേരെ ഓടിയടുത്തു. കൈയ്യിലിരുന്ന വികസനസമിതി അംഗങ്ങളുടെ ലിസ്റ്റും മിനിട്ട്സും കീറിയെറിഞ്ഞു. മെമ്പറെ തള്ളിവീഴ്ത്തി. ഓടിയെത്തിയ ഭര്‍ത്താവ് ബിജുദാസിനെ അടിച്ച് താഴെയിട്ടു. ഹാളിലെ കസേരകളെല്ലാം അടിച്ചൊടിച്ചു. മെമ്പറെ മര്‍ദ്ദിക്കുന്നത് കണ്ട് സഭയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കം നിലവിളിച്ചു.
ഗ്രാമസഭയുടെ നടത്തിപ്പിനായി എത്തിയ വനിതയേയും സംഘം ഭീഷണിപെടുത്തി. ഗ്രാമസഭ നടന്നില്ല എന്ന് രേഖപെടുത്താന്‍ ആവശ്യപ്പെട്ടു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അംഗങ്ങള്‍ സംഘടിച്ചതോടെയാണ് സ്ഥലംവിട്ടത്. മര്‍ദ്ദനമേറ്റ മഞ്ജുഷയെ നാട്ടുകാരാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: