കൊട്ടാരക്കര: പുലമണിലെ വിവാദമായ തര്‍ക്കവസ്തുവും കെട്ടിടവും 15 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കടയുടമകള്‍ക്ക് നോട്ടീസ് നല്കി. കൂടാതെ സര്‍ക്കാര്‍ വസ്തുവില്‍ കടന്നുകയറി കെട്ടിടം നിര്‍മ്മിച്ചതിനും കൈവശപ്പെടുത്തിയതിനും ഉടമകള്‍ അന്‍പതിനായിരം രൂപ വീതം പിഴയൊടുക്കുകയും വേണം.
റവന്യൂ നടപടികള്‍ മെല്ലപ്പോക്ക് നടത്തുന്നതില്‍ പ്രതിഷേധിച്ച് സമരസമിതി കടയുടെ മുന്നില്‍ പന്തലിട്ട് സമരം ശക്തമാക്കുന്നതിന് ഇടയിലായിരുന്നു വില്ലേജ് ഓഫിസര്‍ എത്തി നോട്ടീസ് കൈമാറിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിന് കൊല്ലം ആര്‍ഡിഒ ആയിരുന്ന സി.സജീവ്, ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ക്ഷീസ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടിരുന്നത്.
പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്ക്കുന്ന തര്‍ക്കഭൂമിയായ 122/1 ആണ് അളന്ന് തിട്ടപെടുത്തിയത്. സര്‍വേ വിഭാഗം നടത്തിയ അളവില്‍ വിവാദസ്ഥാപനമായ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണന്ന് കണ്ടെത്തിയിരുന്നു.
സമീപത്തുള്ള ജൂവലറി പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ഏതാനും ഭാഗവും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറിയതാണെന്ന് കണ്ടെത്തി. ഈ ഭാഗങ്ങളാണ് അന്ന് കല്ലിട്ട് മാര്‍ക്ക് ചെയ്തത്. ഇവിടെ ഒഴിയണമെന്ന് കാണിച്ചാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. പുലമണ്‍ ലോട്ടസ്മുക്കില്‍ എംസി റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്നടുത്താണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം. ഇവിടെ റോഡിന്റെ ഇരുവശത്തും റോഡ് കൈയ്യേറിയാണ് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി.
റോഡ് വികസനസമിതിയില്‍ കെട്ടിട ഉടമകളുമായി ഇതേ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പലതവണ അളവുകള്‍ നടന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഉടമകള്‍.
ഇതിനെതിരെ ജനകീയസമരങ്ങളും സത്യാഗ്രഹവും റിലേസമരവും ഇപ്പോഴും നടക്കുകയാണ്. പലതവണ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കൈയ്യേറി നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കെട്ടിടം ഭാഗികമായി ഇടിച്ചുപൊളിക്കുകയും ചെയ്തിരുന്നു.
കോടതി ഇടപെടലോടെയാണ് കെട്ടിടം ഉടമ സംരക്ഷിച്ചുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ ഉത്തരവായത്. ആറ് മാസത്തിനുള്ളില്‍ അളന്ന് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി ഒക്ടോബര്‍ 15ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. സമരസമിതി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: