മാവേലിക്കര: ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ സ്ത്രീകളടക്കമുളള അഞ്ച് പേരെ സിപിഎം അക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. കുരട്ടിശ്ശേരില് പാവുക്കരമുറിയില് കോലത്ത് രഘു (42), ഭാര്യ വിജയശ്രീ (29), വിജയശ്രീയുടെ അമ്മ ശാന്തമ്മ (55), സഹോദരി രാജശ്രീ (26), രാജശ്രീയുടെ മകന് അമ്പാടി (നാല്) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാന്തമ്മ രണ്ട് മാസം മുന്‍പ് കാന്‍സറിന് സര്‍ജറി നടത്തിയശേഷം വിശ്രമിക്കുമ്പോഴാണ് സിപിഎം, ഡിവൈഎഫ്ഐയുടെ അക്രമത്തിന് ഇരയായിരിക്കുന്നത്. കരയോഗം സ്കൂളിന് സമീപമുള്ള നാല്‍പ്പത്തി അഞ്ച് കോളനിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
കഴിഞ്ഞ 14ന് ഉച്ചയ്ക്ക് രണ്ടരയോടെ ഈ കോളനിയില്‍ താമസിക്കുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുകേഷ്, മഹേഷ്, ഷാജി, ശ്യാം, സിദ്ധാര്ത്ഥന്, പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന സംഘം വടിവാള്‍, കമ്പിവടി, വെട്ടുകത്തി എന്നിവകൊണ്ട് വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും, മുന്‍വശത്തെ വാതില്‍ വെട്ടിപ്പൊളിച്ചശേഷം അകത്ത് കടന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് വിജയശ്രീ പറഞ്ഞു.
അലമാര കുത്തിത്തുറന്ന് വിജയശ്രീയുടെ അമ്മൂമ്മ രാജമ്മയ്ക്ക് വീടുവയ്ക്കാനായി പഞ്ചായത്തില്‍ നിന്നും ലഭിച്ച പതിനേഴായിരം രൂപയും, മക്കളുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അക്രമിസംഘം കവര്‍ന്നതായും, ഇവിടെയുണ്ടായിരുന്ന വേലികളും, ചെട്ടിച്ചട്ടികളും തല്ലിത്തകര്‍ത്തെന്നും പരാതിക്കാര്‍ പറയുന്നു.
സംഭവം അറിഞ്ഞ് എത്തിയ മാന്നാര്‍ പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് രണ്ട്തവണ വിജയശ്രീയെ അക്രമിസംഘത്തില്‍പ്പെട്ട മനോജിന്റെ നേതൃത്വത്തിലുളള സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതായും അക്രമ വിവരം അന്വേഷിക്കാനെത്തുന്നവരെ അക്രമിസംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: