ബി.പ്രമോദ്കുമാര്‍
പുനലൂര്‍: കേരളത്തിലെ ഏറ്റവും വലിയ ചൂടിനെ നേരിടുകയാണ് പുനലൂര്‍ നഗരം. അതുപോലെ തന്നെ ഇടതുവലതുമുന്നണികളിലെ രാഷ്ട്രീയവിഴുപ്പലക്കല്‍ നാടകവും ചൂടേറുകയാണ്. പാളയത്തില്‍ പട എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന കോണ്‍ഗ്രസ്, കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പുകളി അരങ്ങേറുന്ന നിയമസഭാമണ്ഡലം എന്ന ഖ്യാതിയും ഇവിടെയാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുന്‍ഗണന നല്കുന്ന പേര് ഐ ഗ്രൂപ്പുകാരനായ പുനലൂര്‍ മധുവിന്റെതാണ്. ഈ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ അവസാനം വിജയിച്ചയാള്‍ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനാണ്. മറ്റൊരു പേര് കോണ്‍ഗ്രസിലെ യുവനേതാവ് ചാമക്കാല ജ്യോതികുമാറിന്റെതാണ്. എന്നാല്‍ ഐ ഗ്രൂപ്പിന് ഭീഷണിയായി മുന്‍ തിരുത്തല്‍വാദി നേതാവും ഇപ്പോള്‍ ഐ ഗ്രൂപ്പിനെ സ്വന്തമാക്കിവച്ചിരിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഭാരതീപുരം ശശിയെ ആണ് ഇടതുസ്ഥാനാര്‍ത്ഥിയെക്കാള്‍ ഇവര്‍ക്ക് വെല്ലുവിളിയാവുക.
മുന്‍വര്‍ഷങ്ങളിലെപോലെ പുറത്തുനിന്നുള്ള ആള് എന്ന നിലയിലും ഘടകകക്ഷിക്കുമായി സീറ്റുനീക്കിവച്ചാല് നറുക്ക് വീഴുക കേരളകോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റും കെഎല്‍ഡിസി ചെയര്‍മാനുമായ ബെന്നി കക്കാടിനാകും. ഐ ഗ്രൂപ്പ് നേതാക്കളായ പുനലൂര്‍ മധുവിനും ജ്യോതികുമാറിനും സ്വന്തം പാര്‍ട്ടിയിലും എ ഗ്രൂപ്പില്‍ നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടിവരും, പുതിയ സംഘടനാസംവിധാനത്തില്‍ പാര്‍ട്ടിയില്‍ കെട്ടുറപ്പായെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും രാഹുല്‍ഗാന്ധിയല്ല സാക്ഷാല്‍ നെഹ്രു തന്നെ വന്നാലും ഗ്രൂപ്പ് പോരാട്ടം വിടാത്ത നാടാണ് പുനലൂര്‍. 1991ല്‍ പ്രമുഖ സിപിഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്നാകരനെ 1312 വോട്ടിന് തോല്‍പ്പിച്ച രാഷ്ട്രീയപാരമ്പര്യമാണ് പുനലൂര്‍ മധുവിന് ഉള്ളത്. എന്നാല്‍ ഇന്ന് പുനലൂരില്‍ 91ലെ അവസ്ഥയല്ല. ശക്തമായ ഗ്രൂപ്പ് അതിപ്രസരവും മറ്റും കണ്ടില്ലെന്ന് വന്നാല്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാകും.
എന്നാല്‍ 91ന് ശേഷം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് നന്നായി അറിയാവുന്ന കോണ്‍ഗ്രസ്, മണ്ഡലത്തിന് പുറത്തുള്ളവരെയാണ് പിന്നീട് പരീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇവരില്‍ ആരും പച്ച തൊട്ടില്ലെന്നതാണ് സത്യം. ഗ്രൂപ്പുപോരും തമ്മില്‍തല്ലും കാരണം ഇവരില്‍ നിന്നും ആരെയും പിന്നീട് ജനം നിയമസഭ കാണിച്ചിട്ടില്ല. 1960ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച കെ.കൃഷ്ണപിള്ളയില്‍ തുടങ്ങിയ മണ്ഡലം സിപിഐ പിന്നീട് വിട്ടുകൊടുക്കാതെ തങ്ങളുടെ കോട്ടയാക്കുകയായിരുന്നു. 1970ല്‍ ഇവിടെ സിപിഐ-സിപിഎം ഏറ്റുമുട്ടലായിരുന്നു. അന്ന് സിപിഎമ്മിലെ വി.ഭരതന് കൃഷ്ണപിള്ളയോട് 3425 വോട്ടിനാണ് തോറ്റത്. 77ലും ഇത് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഈ സീറ്റ് പലകുറി ഘടകകക്ഷികള്‍ക്ക് കൈമാറി പരീക്ഷണം നടത്തി. 1980, 82, 84, 87 വര്‍ഷങ്ങളില്‍ കേരളകോണ്‍ഗ്രസ് ജേക്കബിന് നല്കി. 82ല്‍ സാംഉമ്മനിലൂടെ മണ്ഡലം തിരികെ ലഭിച്ചു. എന്നാല്‍ അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. 2009ല്‍ സിഎംപി നേതാവ് എം.വി.രാഘവനെയും കെപിസിസി ട്രഷറര്‍ ജോണ്സണ് എബ്രഹാമിനെയും ഗ്രൂപ്പ് കളിയില്‍ തോല്‍പ്പിച്ച പാരമ്പര്യവും പുനലൂരിന് ഉണ്ട്. സിപിഐയില്‍ നിന്നും ഇക്കുറി ഉയര്‍ന്നുകേള്‍ക്കുന്ന പേര് പി.എസ്.സുപാലിന്റെതാണ്. സിപിഐ നേതാവും മണ്ഡലത്തില്‍ നിരവധി തവണ ജനവിധി തേടി വിജയിച്ച നേതാവുമായ അന്തരിച്ച പി.കെ.ശ്രീനിവാസന്റെ മകനും മുന്‍എംഎല്‍എയുമാണ് സുപാല്‍. എഐവൈഎഫിന്റെ സംസ്ഥാനനേതാവ് കൂടിയായ സുപാല്‍#ിന് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെങ്കിലും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരിലും സഖ്യകക്ഷിയായ സിപിഎമ്മിലും അനഭിമതനാണ്. സിപിഎമ്മുമായി പലകുറി കൊമ്പുകോര്ത്തിട്ടുള്ളയാണ് സുപാല്‍. ഇതെല്ലാം സുപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങുതടിയാകും.
അതേസമയം സ്ഥലം എംഎല്‍എ അഡ്വ.കെ.രാജുവിന് ഒരു അവസരം കൂടി നല്കാന് സാധ്യത തീരെ കുറവാണ്. എംഎല്‍എ എന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്തതായി അവകാശവാദം നിരത്തുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്ത എംഎല്‍എയാണ് അഡ്വ.കെ.രാജു. ഏറ്റവും ഒടുവില്‍ വര്‍ഷങ്ങളായി പുനരുദ്ധാരണം കാത്തുകിടന്ന തൂക്കുപാലം പണി ദ്രുതഗതിയിലാക്കിയതില് പോലും പരിശ്രമിച്ചത് ചില വ്യക്തികള്‍ ആണെന്നിരിക്കെ അതും തന്റെ കഴിവായി ചിത്രീകരിക്കുന്ന എംഎല്‍എക്കെതിരെ ജനവികാരം ശക്തമാണ്. ചൂടിലും മഴയിലും നിന്നുതിരിയാന്‍ കഴിയാത്ത നഗരത്തില്‍ ഒരു വെയിറ്റിംഗ് ഷെഡ് കൂടി പണികഴിപ്പിക്കാന്‍ സാധിക്കാത്ത എംഎല്‍എയാണ് തൂക്കുപാലത്തിന്റെ ക്രെഡിറ്റ് തട്ടുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുംതോറും ജനമധ്യത്തില്‍ എന്തു നേട്ടം ഉയര്‍ത്തി കാണിക്കുമെന്ന് ആശങ്കപ്പെടുമ്പോള്‍ മോദിസര്‍ക്കാരിന്റെ രാഷ്ട്രീയഇച്ഛാശക്തിയുടെയും ഭരണനേട്ടത്തിന്റെയും ഭാഗമായുള്ള പുരോഗതിയെ ഉയര്‍ത്തിപിടിച്ചാണ് ബിജെപി ജനങ്ങള്‍ക്കരികിലെത്തുന്നത്. കുമ്മനം നയിച്ച വിമോചനയാത്രയിലെ ജനപങ്കാളിത്തം മാറ്റത്തിനുള്ള സൂചനയാണ് നല്‍കുന്നത്. ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടിയിലേക്കുള്ള ഒഴുക്കും പാര്‍ട്ടിയുടെ മണ്ഡലത്തിലെ ജനസ്വാധീനം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: