പത്തനാപുരം: മാലൂരില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുരിശടിയും തെരുവ്വിളക്കുകളും നശിപ്പിച്ചു. മാലൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കുരിശടിയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിന് സമീപമാണ് കുരിശടി. ഗ്ലാസ് ചില്ലുകള്‍ തകര്‍ത്ത ശേഷം അകത്ത് പ്രതിഷ്ഠിച്ചിരുന്ന കുരിശിളക്കി പുറത്തുപേക്ഷിച്ച നിലയിലാണ്. കുരിശടിയുടെ നാലുവശത്തെയും ചില്ലുകള്‍ തകര്‍ത്തു. കുരിശടിക്ക് സമീപമുള്ള ഒഴുകുപാറ ഉടയന്‍കാവ് ക്ഷേത്രത്തിന് മുന്പില് സ്ഥാപിച്ചിരുന്നതടക്കം പതിനാറ് തെരുവ്വിളക്കുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഒഴുകുപാറ മുതല്‍ മാലൂര്‍ പരുമല ജംഗ്ഷന് വരെയുള്ള എല്‍ഇടി സംവിധാനത്തോടുകൂടിയ തെരുവ് വിളക്കുകളാണ് നശിപ്പിച്ചത്.
ക്ഷേത്രവും കുരിശടിയും സമീപത്തായുള്ള ഇവിടെ ഏറെ മതസൗഹാര്‍ദത്തിലാണ് ജനങ്ങള്‍ കഴിയുന്നത്. മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ഗൂഡശ്രമമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്തനാപുരം സിഐ സ്റ്റുവര്‍ട്ട് കീലര്‍, എസ്ഐ രാഹുല്‍ രവീന്ദ്രന്, കൊല്ലത്തുനിന്നും വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു. ഇന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രതിഷേധയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: