പാലാ: ആയിരക്കണക്കിന് മണ്‍ചിരാതുകള്‍ ഒരുമിച്ച് മിഴിതുറന്നപ്പോള്‍ ഭക്തര്‍ക്ക് ദിവ്യാനുഭൂതിയായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക വള്ളിച്ചിറ പിഷാരുകോവില്‍ ദേവീക്ഷേത്രത്തില്‍ നടന്ന ദേശവിളക്ക് ഒരു ദേശത്തിനാകെ അപൂര്‍വ്വാനുഭവമായി. 400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 42 അടി ഉയരത്തില്‍ പണിതീര്‍ത്ത ദേശവിളക്ക് സ്തംഭത്തിലാണ് 5001 മണ്‍ചിരാതുകള്‍ ഒരുമിച്ച് പ്രകാശിച്ചത്.
കൂടാതെ ക്ഷേത്രമൈതാനം മുഴുവന്‍ ഭക്തര്‍ അവരവരുടെ വീടുകളില്‍നിന്നായി കൊണ്ടുവരുന്ന നിലവിളക്കുകളും കൊളുത്തിവച്ചതോടെ ക്ഷേത്രാങ്കണം പ്രഭാപൂരിതമായി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠരര് രാജീവര് ദേശവിളക്ക് തെളിയിച്ചു. പല്ലാട്ട് ബ്രഹ്മദത്തന് ഭഗവതിയുടെ തിടമ്പേറ്റി. തുടര്‍ന്ന് ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നേതൃത്വത്തില്‍ നാല്പതില്പരം കലാകാരന്മാര് അണിനിരന്ന പാണ്ടിമേളം അരങ്ങേറി. പിഷാരുകോവില്‍ അമ്മമാരുടെ അനുഗ്രഹവര്‍ഷമെന്നോണം പ്രകൃതി അമൃതവര്‍ഷം ചൊരിഞ്ഞത് ഭക്തര്‍ക്ക് നിര്‍വൃതിയായി. ദുര്‍ഗാദേവിയുടെ നടയില്‍ പൂമൂടലും കോട്ടയം വൈഷ്ണവം ഭജന്‍സ് അവതരിപ്പിച്ച ഈശ്വരനാമഘോഷവും തുടര്‍ന്ന് നടന്നു. രാവിലെ നടന്ന പൊങ്കാലയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. തുടര്‍ന്ന് പൊങ്കാല നിവേദ്യവും ചന്ദനചാര്ത്തും ദീപാരാധനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: