കോഴിക്കോട്: സമനിലയില്‍ കുരുങ്ങി ടിഎസ്വി മ്യൂണിക് നാഗ്ജി കപ്പിന്റെ സെമി കാണാതെ പുറത്ത്. ഇന്നലെ നടന്ന നിപ്രോ-മ്യൂണിക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്നിട്ടു നിന്നത് മ്യൂണിക്കായിരുന്നെങ്കിലും പ്രതിരോധമതില്‍ തീര്‍ത്ത് ഉക്രൈന് ക്ലബ്ബായ നിപ്രോ ജര്‍മ്മന്‍ ക്ലബ്ബായ മ്യൂണിക്കിന്റെ സെമി പ്രവേശനം തടഞ്ഞു. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്മാരായി നിപ്രോയും രണ്ടാം സ്ഥാനക്കാരായി ഷാംറോക്ക് റോവേഴ്സും സെമിയില്‍ കടന്നു.
വെള്ളിയാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ നിപ്രോ ഇംഗ്ലീഷ് ക്ലബായ വാട്ട്ഫോഡ് എഫ്സിയെ നേരിടും. നാളെ നടക്കുന്ന ഒന്നാം സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീല്‍ ക്ലബ്ബ് അത്ലറ്റിക്കോ പരാനെസും അയര്‍ലന്റ് ക്ലബ്ബായ ഷാംറോക്ക് എഫ്സിയും ഏറ്റുമുട്ടും.
ആദ്യ പകുതിയില്‍ കളം നിറഞ്ഞത് മ്യൂണിക്കായിരുന്നു. രണ്ടാം മിനിറ്റു മുതല്‍ തന്നെ മ്യൂണിക്ക് നിര നിപ്രോ ഗോള്‍ മുഖത്തേക്ക് അക്രമം നടത്തി.
ഫല്റിയന് പീപര്‍, സൈമണ്‍ സെഫറിംഗ്സ് എന്നിവരെ കേന്ദ്രീകരിച്ച് ഇടതു വിങ്ങിലൂടെയായിരുന്നു മ്യൂണിക്കിന്റെ മുന്നേറ്റങ്ങള്‍. ജിമ്മി മാര്‍ട്ടന്‍ മധ്യനിരയില്‍ നിന്നെത്തിച്ചു നല്കുന്ന പന്തുകള്‍ ലൂക്കാസ് ജെന്കിഞ്ചെര് കൃത്യമായി കണക്ട് ചെയ്ത് മുന്നേറ്റത്തിലേക്കെത്തിച്ചുകൊണ്ടിരുന്നു. 37-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ജിമ്മി മാര്‍ട്ടന്‍ മുതലാക്കാനായില്ല. പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന് നിക്കോളസ് നല്കിയ പന്ത് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മാര്‍ട്ടന്‍ പുറത്തേക്കടിച്ചിട്ടു.
പതുക്കെ പ്രതിരോധത്തില്‍ നിന്ന് മാറി നിപ്രോ മുന്നേറ്റത്തിന് മുതിര്‍ന്നതോടെ കളിക്ക് വേഗത കൈവന്നു. ഇടതുവിങ്ങ് കേന്ദ്രീകരിച്ച് തന്നെയായിരുന്നു നിപ്രോയുടെ മുന്നേറ്റങ്ങളും. വല്‍ഡിസ്ലാവ് കൊച്ചെര്ഗിനും ബലാനിക്കും ചേര്‍ന്ന് 29-ാം മിനിറ്റില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും മ്യൂണിക് പ്രതിരോധം ഭേദിക്കാനായില്ല. 37, 39 മിനിറ്റുകളില്‍ നിപ്രോയ്ക്കും 43, 45 മിനിറ്റുകളില്‍ മ്യൂണിക്കിനും അവസരങ്ങള്‍ ലഭിച്ചു.
നിപ്രോയുടെ മുന്നേറ്റം കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. യൂറി വാകുല്ക്കി മൈതാന മധ്യത്ത് നിന്ന് ഉയര്‍ത്തി നല്കിയ പന്ത് വിറ്റാലി കിര്യയേവ് ചാടി വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 60-ാം മിനിറ്റില്‍ കൊച്ചെര്‍ഗിന്‍ നല്കിയ പാസ് സ്വീകരിക്കാന്‍ മ്യൂണിക് പോസ്റ്റിനു മുന്നില്‍ ആരുമുണ്ടായിരുന്നില്ല.
54-ാം മിനിറ്റിലും 63-ാം മിനുറ്റിലും ലഭിച്ച അവസരങ്ങള്‍ മ്യൂണിക്കും മുതലാക്കിയില്ല. 63-ാം മിനിറ്റില്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് മ്യൂണിക്കിനനുകൂലമായി കോര്‍ണര്‍ ലഭിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഗോളിനായി മ്യൂണിക് കിണഞ്ഞു ശ്രമിച്ചെങ്കിലും എല്ലാം നിപ്രോ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ നിപ്രോ താരം മാക്സിം ലുണോവ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ കളി സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: