ഷില്ലോങ്: വനിതാ ബോക്സിംഗില്‍ ഇന്ത്യ ആകെയുള്ള മൂന്ന് സ്വര്‍ണ്ണവും സ്വന്തമാക്കി. മൂന്ന് ഫൈനലുകളിലും ശ്രീലങ്കന്‍ വനിതകളെയാണ് ഇന്ത്യന്‍ പുലിക്കുട്ടികള്‍ ഇടിച്ചിട്ടത്.
ഉരുക്കുവനിത മേരി കോമിലൂടെ ഇന്നലെ ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്. വനിതകളുടെ ബോക്സിങില്‍ 51 കി.ഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ അനുഷ ദില്‍രുക്ഷിയെ ഇടിച്ചിട്ടാണ് മേരികോം പൊന്നണിഞ്ഞത്.
കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പൊന്നണിഞ്ഞ മേരികോം ഫൈനലില്‍ ലങ്കന്‍ താരത്തെ ടെക്നിക്കല്‍ നോക്കൗട്ട് ചെയ്താണ് ജയിച്ചുകയറിയത്. 90 സെക്കന്റില്‍ താഴെ മാത്രമാണ് മേരിക്ക് മുന്നില്‍ ലങ്കന്‍ താരം അനുഷ ദില്രുക്ഷിക്ക് പിടിച്ചുനില്‍ക്കാനായത്. ഷോള്‍ഡറിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മേരിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ദക്ഷിണേഷ്യന്‍ ഗെയിംസ് സാക്ഷ്യം വഹിച്ചത്.
മേരിയുടെ കരുത്തുറ്റ പഞ്ചുകള്‍ക്ക് മുന്നില്‍ വശംകെട്ട ലങ്കന്‍ താരത്തിന് ബാലന്‍സ് നഷ്ടപ്പെടുകയും കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചു തവണ ലോകചാമ്പ്യനും ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുകൂടിയായ മേരി കോമിന്റെ ലക്ഷ്യം ഈ വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പൊന്നാണ്. ഒളിമ്പിക്സില്‍ പൊന്നണിഞ്ഞ് റിംഗിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് ഇടിക്കൂട്ടിലെ തരംഗമായി മാറിയ മാഗ്നിഫിഷ്യന്റ് മേരി.
ഇന്നലെ റിംഗില്‍ നടന്ന മറ്റ് രണ്ട് ഫൈനലുകളിലും ഇന്ത്യ പൊന്നണിഞ്ഞു. വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തിലും 75 കി.ഗ്രാം വിഭാഗത്തിലുമായിരുന്നു സ്വര്‍ണ്ണനേട്ടം.
75 കി.ഗ്രാം വിഭാഗത്തില്‍ പൂജാ റാണിയും ടെക്നിക്കല്‍ നോക്കൗട്ടിലൂടെ എതിരാളിയെ ഇടിച്ചിട്ടാണ് പൊന്നണിഞ്ഞത്. ശ്രീലങ്കയുടെ നിലാന്തി അന്ന്തരാവീറിനെയാണ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേത്രിയായ പൂജാ റാണി നോക്കൗട്ട് ചെയ്തത്. തുടക്കം മുതല്‍ പൂജാ റാണി തന്റെ രണ്ട് കൈകള്‍കൊണ്ടും എതിരാളിയുടെ മുഖത്ത് കനത്ത പ്രഹരം നടത്തി. മത്സരം ഒരു റൗണ്ട് മാത്രമാണ് നീണ്ടുനിന്നത്. വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സരിതാ ദേവിയാണ് ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടുകയും പിന്നീടത് നിരസിക്കുകയും ചെയ്ത് വിവാദത്തിലായ എല്‍. സരിതാദേവി ഒരു വര്‍ഷത്തെ വിലക്കിനുശേഷം റിംഗില്‍ തിരിച്ചെത്തിയാണ് പൊന്നണിഞ്ഞത്. ശ്രീലങ്കയുടെ വിദുഷിക പ്രഭാധിയെയാണ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സരിതാദേവി പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് റൗണ്ടിലും സരിതാദേവി ഇടികളുതിര്‍ത്ത് എതിരാളിയെ അമ്പരിപ്പിച്ചു. എന്നാല്‍ മൂന്നാം റൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന വിദുഷിക സരിതയെ ഇടികൊണ്ട് മൂടിയെങ്കിലും ഒടുവില്‍ നേരിയ വ്യത്യാസത്തിന് സരിത പൊന്നണിയുകയായിരുന്നു.
ഇതോടെ ബോക്സിങില്‍ നിര്‍ണ്ണയിക്കപ്പെട്ട പത്ത് സ്വര്‍ണ്ണവും ഇന്ത്യ തൂത്തുവാരി. കഴിഞ്ഞ ദിവസം പുരുഷ വിഭാഗത്തിലെ ഏഴെണ്ണവും ഇന്ത്യ നേടിയിരുന്നു.
















