ഗുവാഹത്തി: ബ്രഹ്മപുത്രയുടെ നാടായ ഗുവാഹത്തിയിലും മേഘങ്ങളുടെ നാടായ ഷില്ലോങ്ങിലുമായി അരങ്ങേറിയ 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി. ഇനി അടുത്ത ഗെയിംസ് 2019-ല്‍ കാഠ്മണ്ഡുവില്‍. മനസ്സു നിറഞ്ഞ സംതൃപ്തിയുമായാണ് കായികതാരങ്ങളും ഒഫീഷ്യലുകളും അടക്കമുള്ളവര്‍ 12-ാം ഗെയിംസിനോട് വിടപറഞ്ഞത്. 4500 കായിക താരങ്ങള്‍, ഒഫീഷ്യലുകള്‍, 3000 വളന്റിയര്‍മാര്‍, അതിരുകള്‍ താണ്ടിയെത്തിയ കളിയെഴുത്തുകാര്‍ തുടങ്ങിയവരാല്‍ സമ്പന്നമായിരുന്നു കഴിഞ്ഞ 12 നാളുകള്‍.
ഉദ്ഘാടന ചടങ്ങിലെന്നപോലെ സമാപന ചടങ്ങിലും വടക്കുകിഴക്കിന്റെ സാംസ്കാരിക പൈതൃകം നിറഞ്ഞുനിന്നു. ലേസര്‍ രശ്മികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചത്തോടെയായിരുന്നു സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. സശസ്ത്ര സീമാ ബെല്‍ സൈനികര്‍ ‘സാരേ ജഹാംസെ അച്ചാ’ ബ്യൂഗിളിന്റെ അകമ്പടിയില്‍ തീര്‍ത്ത നാദവിസ്മയവുമായാണ് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ സമാപനത്തിന് തുടക്കമായത്. സരൂസജോയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി മുഖ്യാഥിതിയായി.
കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ് സോനോവാളും നേപ്പാള്‍, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ കായിക മന്ത്രിമാരും പങ്കെടുത്തു. പ്രകാശരശ്മികളുടെ മായിക വലയത്തില്‍ വര്‍ണംവിതറിയ കരിമരുന്നിന്റെ അകമ്പടിയില്‍ ഗെയിംസ് ദീപം അണഞ്ഞു. 2019-ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന 13-ാമത് ഗെയിംസിനായി പതാക ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രനില്‍ നിന്നും നേപ്പാള്‍ കായിക മന്ത്രി സത്യനാരായണ്‍ മണ്ഡല് ഏറ്റുവാങ്ങി.
13-ാമത് ഗെയിംസിന്റെ സന്ദേശം നേപ്പാള്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ജീവന് റാം ശ്രേഷ്ഠ കൈമാറി. ഇതോടെ നേപ്പാളിന്റെ സാംസ്കാരികതയും വൈവിധ്യവും വിളിച്ചോതുന്ന ദൃശ്യാവിഷ്കാരം സ്ക്രീനില്‍ തെളിഞ്ഞു. തൊട്ടുപിന്നാലെ മൈതാനത്തെ പ്രത്യേക വേദിയില്‍ ദക്ഷിണേഷ്യയെ ഒന്നാകെ 13-ാം ഗെയിംസിലേക്ക് സ്വാഗതമോതി നേപ്പാളി ദേശീയ കലാവിരുന്നും നടന്നു. വടക്കുകിഴക്കിന്റെ പരമ്പരാഗത നൃത്തരൂപങ്ങളും സമാപനത്തിന് മാറ്റുകൂട്ടി. ഇനി നേപ്പാളില്‍ കാണാമെന്ന പ്രതീക്ഷയോടെ ദക്ഷിണേഷ്യന്‍ കായിക മാമാങ്കത്തിന് കൊടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: